തോമസ്‌ ഐസക്കിനെതിരെ ഇഡി വന്നപ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പം; കോണ്‍ഗ്രസിനെന്നും ഇരട്ട നിലപാട്; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആലപ്പുഴ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന ഇരട്ട നിലപാടിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. “ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടന്ന ഡല്‍ഹി റാലിയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തത് നല്ല കാര്യം. പക്ഷേ, അവരുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ?”

“കിഫ്ബിക്കെതിരേ ഇഡി മുന്‍ മന്ത്രി തോമസ് ഐസക്കിന് നോട്ടീസയച്ചപ്പോള്‍ ഇഡിയുടെ കൂടെയാണ് കോണ്‍ഗ്രസും പ്രതിപക്ഷനേതാവും നിന്നത്.” – മുഖ്യമന്ത്രി പറഞ്ഞു. മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ അരുണ്‍കുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്‍.

“കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ബി.ജെപി. അനുകൂലനിലപാടാണുള്ളത്. കോണ്‍ഗ്രസ് എല്ലായ്‌പോഴും കേന്ദ്രസര്‍ക്കാരിന്റെ കൂടെയായിരുന്നു. കേരളത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്ന് പറയാന്‍ കോണ്‍ഗ്രസുകാര്‍ എപ്പോഴെങ്കിലും തയ്യാറായോ? എന്തിനും ഏതിനും കോണ്‍ഗ്രസ് എപ്പോഴും കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.” – മുഖ്യമന്ത്രി ആരോപിച്ചു.

“കോണ്‍ഗ്രസിനുനേരെ ഇഡി വരുമ്പോള്‍ അവരതിനെ എതിര്‍ക്കും. കോണ്‍ഗ്രസിതര പാര്‍ട്ടികളുടെ നേരെ വരുമ്പോള്‍ അവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കൂടെനില്‍ക്കും. കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരുകയാണ് വേണ്ടത്. എന്നാല്‍, കോണ്‍ഗ്രസുകാര്‍ക്ക് അത് സാധ്യമല്ലെന്ന് ജനങ്ങള്‍ക്കാകെ ബോധ്യമായിരിക്കുന്നു.” – മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top