കാരക്കോണം മെഡിക്കൽക്കോഴ തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം നൽകി; ബിഷപ്പ് ധർമ്മരാജ് റസാലം അടക്കം 4 പ്രതികൾ; കള്ളപ്പണം വെളുപ്പിക്കലടക്കം കുറ്റങ്ങൾ

കൊച്ചി: സിഎസ്ഐ ദക്ഷിണ മഹായിടവകയുടെ ഉടമസ്ഥതയിലുള്ള
കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി )
കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ധർമ്മരാജ് റസാലം അടക്കം നാലു പേരെ പ്രതികളാക്കിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി. ബിഷപ് ധർമ്മരാജ് റസാലത്തിന് പുറമെ, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് ഏബ്രഹാം, സഭാ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്.
മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കഴിഞ്ഞ മാസം കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, സഭാ സെക്രട്ടറി ടിടി പ്രവീണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഇരുവരെയും പലതവണ ചോദ്യം ചെയ്തിരുന്നു.
ഇഡി അന്വേഷണം നേരിട്ടിരുന്ന കാലത്ത് കാലത്ത് ധർമ്മരാജ് റസാലം യുകെയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തെ തിരിച്ചയച്ചിരുന്നു.
അന്തരിച്ച മുൻ മന്ത്രി വി.ജെ.തങ്കപ്പന്റെ മകൻ വി.ടി.മോഹനൻ, തലവരി പണം സംബന്ധിച്ച് നൽകിയ പരാതിയിൽ വെള്ളറട പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.
2016 മുതല്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സിഎസ്‌ഐ സഭ തലവരിപ്പണം കൈപ്പറ്റിയെന്ന് ജസ്റ്റിസ് രാജേന്ദ്ര പ്രസാദ് അധ്യക്ഷനായ
പരീക്ഷാ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മരാജ് റസാലത്ത് നേരത്തെ സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ത്ഥി കള്‍ അടക്കം 24 കുട്ടികളില്‍ നിന്നായിരുന്നു ലക്ഷങ്ങള്‍ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്. കൂടാതെ ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു. സഭയുടെ ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എൽഎംഎസ് കോംപൗണ്ടിലും പ്രതികളുടെ വീടുകളിലും പലവട്ടം ഇഡി റെയ്ഡ് നടത്തിയിരുന്നു. 2014ൽ ഡോ. ബെന്നറ്റ് ഏബ്രഹാം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here