കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മൊയ്‌തീന് വീണ്ടും ഇഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം
കൊച്ചി: സിപിഎം നേതാവ് എ സി മൊയ്തീനെ വിടാതെ ഇഡി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അടുത്ത മാസം നാലാം തീയതി (തിങ്കളാഴ്ച) 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ മാസം 31ന് ഹാജരാകാനായിരുന്നു നിർദേശം നൽകിയിരുന്നതെങ്കിലും മൊയ്‌തീൻ അസൗകര്യം അറിയിച്ചിരുന്നു. പത്തു വർഷത്തെ ആദായ നികുതി രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ അവധി കാരണം ആ രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും അവ ലഭിച്ച ശേഷം മറ്റൊരു തീയതിയിൽ ഹാജരാകാമെന്നും മുൻ മന്ത്രി മൊയ്‌തീൻ അറിയിച്ചു. ഈ മാസം 22ന് മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടിൽ ഇ ഡി 22 മണിക്കൂർ നീണ്ട റെയ്‌ഡ് നടത്തിയിരുന്നു.
കരുവന്നൂർ ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപങ്ങൾ 2016 – 2018 കാലത്ത് അനധികൃത വായ്പ്പ നൽകി 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് കേസ്. അക്കാലത്തു സഹകരണ മന്ത്രിയായിരുന്ന എ സി മൊയ്‌തീൻ തട്ടിപ്പിന് കൂട്ടു നിന്നുവെന്ന് ആരോപണമുണ്ട്. മൊയ്തീന്റെ ബിനാമി എന്ന് സംശയിക്കുന്ന അനിൽ സേട്ട് ഇഡിക്കു മുന്നിൽ ഹാജരായിരുന്നു. ബാങ്കിന്റെ മുൻ ബ്രാഞ്ച് മാനേജർ ബിനു കരിം കമ്മീഷൻ ഏജൻറ് പി കിരൺ എന്നിവരും ഇ ഡിക്കു മുന്നിൽ ഹാജരായിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് വലിയ വാർത്തയാകുകയും പാർട്ടിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുമെന്ന തിരിച്ചറിവിലാണ് ഇന്ന് (ഓഗസ്റ്റ് 31 ) ഹാജരാകേണ്ട എന്ന് മൊയ്‌തീൻ തീരുമാനിച്ചതെന്ന് അറിയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here