‘എ ഫയൽ ഹാസ് ബീൻ ഓപെൺഡ് ബൈ ദ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്’; കൊടകര കേസിൽ ഹൈക്കോടതിയിൽ ഉറപ്പ് !! എന്നിട്ടെന്തായി
കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമോ എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ മുറുകുന്നത്. ഇതേ കേസിൽ 2021ല്‍ പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഉന്നയിച്ചാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് ചർച്ചകൾ ചൂടുപിടിക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹൈക്കോടതിക്ക് നൽകിയ ഉറപ്പിൻ്റെ രേഖ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്.
“കൊടകര കുഴല്‍ പ്പണക്കേസിൽ ഒരു ഫയല്‍ തുറന്നിട്ടുണ്ട്. കൊടകര പോലീസ് രജിസ്റ്റര്‍ ചെയ്ത 146/2021 എന്ന എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് ഇത്. ‘പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്’ പ്രകാരം അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.” – ഇങ്ങനെയാണ് ഇഡി കേരള ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ആർജെഡി നേതാവ് സലിം മടവൂരിൻ്റെ ഹർജിക്ക് മറുപടി ആയിട്ടാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 നവംബര്‍ 24ന് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.
എന്നാൽ ഈ അന്വേഷണം എവിടെ പോയി? കേസിൻ്റെ പുരോഗതി, കുഴല്‍പ്പണത്തിന്റെ ഉറവിടം, ആര്‍ക്കുവേണ്ടി എത്തിച്ചു തുടങ്ങിയ നിര്‍ണ്ണായക കാര്യങ്ങള കണ്ടെത്തിയോ എന്നതിലൊന്നും ഒരു വിശദീകരണവും ഇതുവരെ ഇല്ല. ഹൈക്കോടതിയുടെ കണ്ണിൽ പൊടിയിടാൻ നൽകിയ വിശദീകരണം മാത്രമായിരുന്നോ അത് എന്ന സംശയമാണ് ഇക്കാര്യത്തിൽ ഉയരുന്നത്. പലവട്ടം ആവശ്യപ്പെട്ടിട്ടും ഹർജിക്ക് മറുപടി നൽകാൻ തയ്യാറാതിരുന്ന ഇഡി, ഹൈക്കോടതി പ്രത്യേക ഉത്തരവ് ഇറക്കിയ ശേഷമാണ് ഫയൽ തുറന്നു, കേസ് പരിശോധിക്കാൻ തുടങ്ങി എന്ന വിശദീകരണങ്ങൾ അറിയിച്ചത്.
കേസ് ഉണ്ടാകുന്ന കാലത്ത് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചയുയര്‍ന്നത്. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ തുടരന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒന്നും ഉണ്ടാകാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരേയും മൗനത്തിലായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് കേന്ദ്ര ഏജന്‍സി ഒന്നും മിണ്ടിയതുമില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ഇഡി അന്വേഷണം ഉണ്ടോയെന്ന് അറിയാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ വെല്ലുവിളിച്ചതും ഇഡിയുടെ ഈ വിശദീകരണം പരിഗണിച്ച് ആകണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here