സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഇന്ന് തന്നെ ഹാജരാകണം; വീണ്ടും നോട്ടീസയച്ച് ഇഡി; ജീവനക്കാര്‍ക്ക് മാരത്തോണ്‍ ചോദ്യം ചെയ്യല്‍

കൊച്ചി : മാസപ്പടി കേസില്‍ നടപടികള്‍ കടുപ്പിച്ച് ഇഡി. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇന്നലെ രാത്രി അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

സിഎംആര്‍എല്‍ ജീവനക്കാരെ 23 മണിക്കൂറോളമായി ഇഡി ചോദ്യം ചെയ്യുകയാണ്. കമ്പനി സിഎഫ്ഒ സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ ചന്ദ്രശേഖരന്‍, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇന്നവലെ മുതല്‍ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്. ഈ മാരത്തോണ്‍ ചോദ്യം ചെയ്യലിനിടയിലാണ് കര്‍ത്തയ്ക്ക വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയിച്ചാണ് ശശിധരന്‍ കര്‍ത്ത ഇഡിക്ക് മുന്നില്‍ ഇന്നലെ ഹാജരാകാതിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് ഇന്ന് തന്നെ ഹാജരാകണമെന്ന ആവശ്യം കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് സിഎംമആര്‍എല്‍ – എക്‌സാലോജിക് ഇടപാടിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഇതേ ആരോപണത്തില്‍ എസ്എഫ്‌ഐഒ അന്വേഷണവും വീണയ്‌ക്കെതിരെ നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top