കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് നോട്ടീസ് അയച്ച് ഇഡി; ബുധനാഴ്ച ഹാജരാകണം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ഹാജരാകാനാണ് നിർദ്ദേശം. അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ നോട്ടീസ് നൽകിയത്.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം എന്നിവര്‍ക്ക് നോട്ടീസ് നൽകിയിരുന്നു. വർഗീസിനെ നേരത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. അതേസമയം പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കേന്ദ്രഏജന്‍സി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്. അഞ്ച് അക്കൗണ്ടുകളുടെ വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്. നിലവിലുള്ള സഹകരണ ബാങ്ക് നിയമങ്ങള്‍ ലംഘിച്ചാണ് അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നതെന്നാണ് ഇഡി കണ്ടെത്തല്‍.
പാര്‍ട്ടി ഓഫിസിന് ഭൂമി വാങ്ങാനും, പാര്‍ട്ടി ഫണ്ട്, ലെവി എന്നിവ കൈകാര്യം ചെയ്യാനുമാണ് അക്കൗണ്ടുകള്‍ തുറന്നതെന്നാണ് ഇഡി റിപ്പോര്‍ട്ടിലുളളത്. കൂടുതല്‍ പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇഡി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 17 ഏര്യാ കമ്മറ്റികളുടെ പേരില്‍ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി 25 അക്കൗണ്ടുകളുണ്ടെന്നും ഇഡി ആരോപിക്കുന്നുണ്ട്. എ.സി.മൊയ്‌തീൻ അടക്കമുള്ള നേതാക്കൾക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here