തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്; മസാലാ ബോണ്ട് കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: മുന്‍ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ച് ഇഡി. മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. ഇത് ഏഴാം തവണയാണ് ഇഡി സമൻസ് അയക്കുന്നത്. എന്നാല്‍ ഇതുവരെ ഐസക്ക് കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായിട്ടില്ല.
തോമസ് ഐസക്കിന്റെ അറിവോടെയാണ് മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനം നടന്നതെന്ന് സംശയിക്കുന്നതായി ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഐസക്കിന്റെ മൊഴിയെടുക്കല്‍ കേസില്‍ അനിവാര്യമാണെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര ഏജന്‍സി അറിയിച്ചു. അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും ,അധികാരികളെയും വെല്ലുവിളിക്കുകയാണ്. അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് നിരന്തരം സമൻസ് അയക്കുന്നതെന്നും ഇഡി വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമൻസ് അയച്ച ഇഡി നടപടിക്കെതിരെയാണ് ഐസക്ക് ഹൈക്കോതിയെ സമീപിച്ചത്. ഐസക്കിനെ ചോദ്യം ചെയ്യുക മാത്രമേയുള്ളൂവെന്നും അറസ്റ്റ് ചെയ്യില്ലെന്നും ഇഡി അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.
ഇഡി നടപടി രാഷ്ട്രീയപ്രേരിതമെന്ന് തോമസ് ഐസക് പ്രതികരിച്ചു. കോടതിയില്‍ നിന്നും സംരക്ഷണം തേടുമെന്നും ഇഡിയുടേത് അന്ത്യശാസന സമൻസാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഐസക്ക് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here