പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ച് ഇഡിയും ഐടിയും; റെയ്ഡ് തുടരുന്നത് പശ്ചിമ ബംഗാൾ, തെലങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ

ed raids

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ഇന്‍കംടാക്സ് നീക്കങ്ങള്‍ ശക്തമാകുന്നു. പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന പശ്ചിമ ബംഗാൾ, തെലങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് രാത്രിയും തുടരുകയാണ്. മദ്യനയക്കേസിൽ ആംആദ്മി എം.പി സഞ്ജയ് സിംഗിന്റെ അറസ്റ്റിനു പിന്നാലെയാണ് റെയ്ഡുകള്‍ ശക്തമാക്കിയത്. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ അഴിമതിക്കാര്‍ അഴിക്കുള്ളിലെന്നാണ് ബിജെപി പ്രഖ്യാപനം.

കർണാടക ശിവമോഗ ജില്ലാ സഹകരണ ബാങ്കിലെ വ്യാജ സ്വർണ തട്ടിപ്പ് കേസിലാണ് ഇഡി റെയ്ഡ്. കര്‍ണാടകയില്‍ കോൺഗ്രസ് നേതാവും ശിവമോഗ ജില്ലാ സഹകരണ ബാങ്ക് ചെയർമാനുമായ മഞ്ജുനാഥ് ഗൗഡയാണ് ഇഡി ലക്ഷ്യം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനാണ് ഗൗഡ. ഗൗഡയുടെ വീട്ടിലും ഫാം ഹൗസിലുമാണ് പരിശോധന നടന്നത്. വ്യാജ സ്വർണത്തിന് വായ്പ നൽകിയ കേസിൽ 2014ൽ ഗൗഡ അറസ്റ്റിലായിരുന്നു.

പശ്ചിമ ബംഗാളില്‍ ഭക്ഷ്യമന്ത്രി രതിൻ ഘോഷിന്റെ വസതിയിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുമാണ് ഇഡി നടപടി. മാധ്യമഗ്രാം മുനിസിപ്പാലിറ്റി മുൻ ചെയർമാനാണ് ഘോഷ്. മുനിസിപ്പാലിറ്റിയിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിച്ചെന്നാണ് കേസ്. ഹൈദരാബാദ്,​ ചെന്നൈ എന്നിവിടങ്ങളില്‍ ദൗത്യം ആദായനികുതി വകുപ്പിനാണ്. തെലങ്കാനയിൽ ബിആർഎസ് നേതാവും ജൂബിലിഹിൽസ് എം.എൽ.എയുമായ മാഗന്തി ഗോപിനാഥിന്റെ ഹൈദരാബാദിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ചെന്നൈയിൽ ഡിഎംകെ എം.പി ജഗത്‌ രക്ഷകനുമായി ബന്ധമുള്ള 40 സ്ഥലങ്ങളാണ് പരിശോധിച്ചത്. 50ലധികം വാഹനങ്ങളിൽ എത്തിയ സംഘം 150 സായുധ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് റെയ്ഡ് ന‌ടത്തിയത്. പള്ളിക്കരണൈ ശ്രീബാലാജി ദന്തൽ കോളേജ് , കുത്തമ്പാക്കം സവീത യൂണിവേഴ്സിറ്റി, ടി നഗർ, വേളാച്ചേരി എന്നിവിടങ്ങളിലെ എം.പി ഓഫീസുകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. ആരക്കോണം എം.പിയായ ജഗത്‌രക്ഷകന് ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വൻ നിക്ഷേപമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top