കള്ളപ്പണ ഇടപാട് നടന്നത് രണ്ട് അക്കൗണ്ടുകൾ വഴി; രാഷ്ട്രീയ ബന്ധങ്ങളടക്കമുള്ള സൂചനകളുമായി ഇ.ഡി റിപ്പോർട്ട്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജയരാജന്‍ പി, മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വഴി സതീഷ്‌ കുമാര്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയരാജന്‍ പിയും മുകുന്ദനും ആരൊക്കെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദന്‍ സതീഷ്‌കുമാറിന്റെ ബന്ധുവാണെന്നാണ് വിവരം. ഇവരിൽ ഒരാള്‍ വിദേശത്താണെന്നുമാണ് ലഭിക്കുന സൂചനകൾ. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കൊപ്പം കേസിലെ പ്രധാനപ്രതി വെളപ്പായ സതീഷിന് കുഴല്‍പ്പണ സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഇ.ഡി റിപ്പോർട്ട് വ്യക്തമാക്കുന്നു. സതീഷിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പുതിയ റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.

കള്ളപ്പണ ഇടപാട് വഴി സമാഹരിച്ച പണം എത്തിയെന്ന് കണ്ടെത്തിയ രണ്ടു അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ സതീഷ് കുമാറിന്റെ കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് ഇ.ഡിയുടെ നീക്കം. സതീഷ് കുമാറിന് കുഴല്‍പ്പണ ഇടപാടുകളില്‍ അടക്കം ബന്ധമുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഇ.ഡി ചൊവ്വാഴ്ച കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

സതീഷ്‌കുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. അതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഏതെല്ലാം അക്കൗണ്ടുകള്‍ വഴി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിന്റെ ഉടമസ്ഥരെ പ്രതികള്‍ ആക്കാനും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top