മാസപ്പടിയിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി സമൻസ്; തിങ്കളാഴ്ച ഹാജരാകണം; ഇന്ന് ഹാജരാകേണ്ടിയിരുന്ന ഉദ്യോഗസ്ഥൻ നോട്ടീസിന് മറുപടി നൽകിയില്ല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനടക്കം ആരോപണം നേരിടുന്ന മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
അതേസമയം സിഎംആർഎൽ കമ്പനിയിലെ ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥന് ഇന്ന് ഹാജരാകാൻ കഴിഞ്ഞ ദിവസം ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. നോട്ടീസിന് മറുപടി നൽകിയില്ല എന്നാണ് ഇഡി അറിയിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 27നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡി കൊച്ചി യൂണിറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മാസപ്പടിയിൽ അന്വേഷണം നടത്തുന്ന മൂന്നാമത്തെ കേന്ദ്ര ഏജന്‍സിയാണ് ഇഡി. ആദ്യം ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും സേവനം നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് 1.72 കോടി കൈപ്പറ്റിയതായി കണ്ടെത്തിയത്. സിഎംആര്‍എല്‍ കമ്പനി ജീവനക്കാരുടെ മൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് ബോര്‍ഡ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്.
പിന്നാലെ വിഷയത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വീണയുടെ കമ്പനിയ്ക്ക് പണം നല്‍കിയ കമ്പനികള്‍ക്കെല്ലാം നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ചില കമ്പനികളില്‍ എസ്എഫ്‌ഐഒ പരിശോധനയും നടത്തി. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. എക്‌സാലോജിക്ക് കമ്പനിയും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. പ്രതിപ്പട്ടികയില്‍ ആരൊക്കെയുണ്ടെന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here