ഇ.ഡിക്ക് പ്രതികാരബുദ്ധി പാടില്ല; അറസ്റ്റ് ചെയ്യുമ്പോൾ കാരണംഎഴുതി നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുന്നുവെന്ന വിമർശനങ്ങൾ ഉയരുന്നതിനിടയി സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. ഇ.ഡി പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുത്. അറസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള കാരണം പ്രതിക്ക് എഴുതി നൽകണമെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ എം3എമ്മിന്റെ ഡയറക്ടർമാരായ പങ്കജ് ബൻസൽ, ബസന്ത് ബൻസൽ എന്നിവര്‍ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി .

ഇ.ഡി സുതാര്യമാവണമെന്ന് പറഞ്ഞ സുപ്രീംകോടതി വിശാലമായ അധികാരങ്ങളുള്ള ഇഡി പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നതിന് പകരം നീതിയുക്തമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. പതികൾക്കെതിരെയുള്ള കുറ്റാരോപണം ഗുരുതരമാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി നടപടിയെ ന്യായീകരിച്ചു. എഫ്‌ഐആറിൽ അറസ്റ്റ് ചെയ്തവരെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും എഫ്‌ഐആര്‍ കമ്പനിയുടെ മറ്റൊരു ഡയറക്ടർ രൂപ് ബൻസലിനെതിരെയാണെന്നും ഹർജിക്കാർ വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ.ഡിക്ക് നൽകിയിട്ടുള്ള വലിയ അധികാരങ്ങൾ ഏകപക്ഷീയമായ അറസ്റ്റുകളിലേക്ക് നയിക്കുന്നുവെന്നും ഇ.ഡിയെ നിയന്ത്രിക്കുന്നില്ലെങ്കിൽ അത് പൗരന്മാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

അറസ്റ്റിന്റെ കാരണത്തിന്റെ പകർപ്പ് അറസ്റ്റുചെയ്യുമ്പോൾ പ്രതിക്ക് നൽകേണ്ടത് അത്യാവശ്യമാണെന്ന് കോടതി കരുതുന്നു. രേഖാമൂലമുള്ള അറസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടാൻ പ്രതികൾക്ക് ആർട്ടിക്കിൾ 22(1) പ്രകാരം അവകാശമുണ്ട്. അത് ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഈ കേസിൽ പ്രതികൾക്ക് അറസ്റ്റിന്റെ കാരണങ്ങൾ കേന്ദ്ര ഏജൻസി എഴുതി നൽകിയിരുന്നില്ല. പകരം വായിച്ചുകേൾപ്പിക്കുക മാത്രമാണ് ഇ.ഡി ഉദ്യോഗസ്ഥർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെയും ഭരണഘടനയുടെ 22(1), 19(1) വകുപ്പുകളുടെ ലംഘനമാണിതെന്നും എം3എമ്മിന്റെ ഡയറക്ടർമാരുടെ അറസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രതികളായ പങ്കജ് ബൻസൽ, ബസന്ത് ബൻസൽ എന്നിവരെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top