കരുവന്നൂരിൽ കടുപ്പിച്ച് ഇഡി; സിപിഎം നേതാക്കളായ എം.എം വർഗീസിനെയും പി.കെ ബിജുവിനെയും ഇന്നും ചോദ്യം ചെയ്യും
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് ഇടപാടിൽ സിപിഎമ്മിനെതിരെ കടുപ്പിച്ച് കേന്ദ്ര ഏജൻസി. തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജുവിനെയും ഇന്നും ഇഡി ചോദ്യം ചെയ്യും. നഗരസഭ കൗൺസിലർ പി കെ ഷാജനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മൂന്നുപേരെയും ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂരിൽ നടന്ന ഇടപാടുകൾ സംബന്ധിച്ച് ഇവർക്ക് വ്യക്തമായ ധാരണയുണ്ടെന്ന കണക്കുകൂട്ടലിലാണ് നീക്കം. കരുവന്നൂരിലെ തട്ടിപ്പ് സംബന്ധിച്ച് പാർട്ടി നടത്തിയ അന്വേഷണം, ബിനാമി ലോണുകൾ, ധനസമാഹരണം എന്നിവ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. വിവിധ ബാങ്കുകളിലെ സിപിഎം രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും പരിശോധിക്കും. നേരത്തെ എം എം വർഗീസിനെ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചോദ്യം ചെയ്തിരുന്നു.
ഇതുകൂടാതെ സിപിഎമ്മിന്റെ ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു അക്കൗണ്ടും ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. അഞ്ചു കോടിക്ക് മുകളിൽ നിക്ഷേപമുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ആദായ നികുതി റിട്ടേൺസിൽ ഈ അക്കൗണ്ട് വിവരം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here