മുഖ്യമന്ത്രിയെ കാണാൻ കുട്ടികള്‍ ആഗ്രഹിച്ചു; നവകേരള പര്യടന വാഹനം കാണാന്‍ അവസരമൊരുക്കി; മെമ്മോക്ക് വിശദീകരണവുമായി തുയ്യം എല്‍പിഎസ് ഹെഡ്മാസ്റ്റര്‍

മലപ്പുറം : മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ കുട്ടികൾ ആഗ്രഹം പറഞ്ഞത് കൊണ്ടാണ് നവകേരള യാത്രാബസ് പോകുമ്പോൾ വഴിയിലിറക്കി നിർത്തിയതെന്ന വിശദീകരണവുമായി മലപ്പുറം തുയ്യം സ്കൂൾ ഹെഡ്മാസ്റ്റർ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് മാധ്യമ സിൻഡിക്കറ്റിനോട് ഹെഡ്മാസ്റ്റര്‍ സേതുമാധവന്‍ കടാട്ടിൻ്റെ പ്രതികരണം. ഇന്നലെ നവകേരള സദസിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡില്‍ വിദ്യാർത്ഥികളെ നിർത്തിയത് വിവാദമായിരുന്നു. കണ്ണൂരിൽ ക്ലാസ് ഒഴിവാക്കി വിദ്യാര്‍ത്ഥികളെ റോഡിലിറക്കി നിർത്തിയത് വിവാദമായപ്പോൾ ഹൈക്കോടതി ഇടപെടുകയും ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ മലപ്പുറത്തെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതുകൂടി കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
ഇക്കാര്യങ്ങൾ വിശദീകരിച്ച് ഡി.ഡി.ഇയുടെ നോട്ടീസിന് മറുപടി നൽകുമെന്ന് ഹെഡ്മാസ്റ്റര്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ലംഘിക്കാൻ ഉദ്ദേശിച്ചിട്ടില്ല. കുട്ടികളുടെ താൽപര്യപ്രകാരമാണ് പ്രവർത്തിച്ചതെന്ന് വേണ്ടിവന്നാൽ കോടതിയെയും ബോധിപ്പിക്കാൻ കഴിയും, സേതുമാധവന്‍ കടാട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്ലാ ദിവസവും അസംബ്ലിയില്‍ പത്രം വായിക്കുന്നത് പതിവാണ്. ഇതിലെ വാര്‍ത്തകള്‍ കുട്ടികള്‍ക്ക് വിശദീകരിക്കാറുമുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയുടെ വാർത്ത പത്രത്തിൽ നിന്നറിഞ്ഞാണ് കുട്ടികൾ കാണണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂളിന് മുന്നിലൂടെ പോകുന്ന സാഹചര്യത്തിൽ അത് അനുവദിക്കാമെന്ന് തോന്നി. റോഡില്‍ നിന്ന രണ്ട് മീറ്റര്‍മാത്രം വ്യത്യാസത്തിലാണ് സ്‌കൂള്‍. കുട്ടികളെ ഗേറ്റിന് ഉള്ളില്‍ നിര്‍ത്താനാണ് ഉദ്ദേശിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും കാണാനാണ് റോഡരികിലേക്ക് ഇറക്കിനിർത്തിയത്. അവിടെ തണൽ ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം 1.03ന് റോഡില്‍ നിര്‍ത്തുകയും 1.06ന് വാഹനം കടന്നുപോവുകയുമാണ് ഉണ്ടായത്. മുഖ്യമന്ത്രിയെ കുട്ടികള്‍ അഭിവാദ്യം ചെയ്യുകയും അദ്ദേഹം തിരകെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സന്തോഷത്തോടെയാണ് കുട്ടികള്‍ തിരികെ കയറിയത്. ആരെയും നിര്‍ബന്ധിച്ച് റോഡില്‍ ഇറക്കിയില്ലെന്നും സേതുമാധവന്‍ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here