എടവണ്ണ സദാചാര ആക്രമണം; സിപിഐഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

മലപ്പുറം: എടവണ്ണയിൽ സഹോദരനും സഹോദരിക്കും നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. സിപിഐഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ അറസ്റ്റുചെയ്ത് വിട്ടയച്ചു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘമാളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. ജൂലൈ 13 ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
സിപിഐഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ അഞ്ചു പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
എടവണ്ണ ഓതായി സ്വദേശിനി ഷിംല, സഹോദരൻ ഷിംഷാദ് എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി എടവണ്ണ ബസ് സ്റ്റാന്റില്‍ നില്‍ക്കവെ, ഒരാള്‍ ഇത് മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ഒരു സംഘം എത്തി അസഭ്യം പറയുകയും സഹോദരനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ എടവണ്ണ സ്റ്റാന്‍ഡില്‍ സദാചാര ബോർഡ് ഉയർന്നിരുന്നു. വൈകീട്ട് അഞ്ചു മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ ബസ് സ്റ്റാന്‍ഡില്‍ കണ്ടാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏല്‍പ്പിക്കുമെന്നായിരുന്നു ബോര്‍ഡ്. വിദ്യാര്‍ത്ഥി പക്ഷം എന്ന പേരില്‍ ഇതിന് മറുപടി ബോര്‍ഡും ഉയര്‍ന്നിരുന്നു. ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here