റിദാന്‍ കൊലക്കേസിലെ പുതിയ തെളിവില്‍ ദുരൂഹത എന്ന് അന്‍വര്‍; കേസില്‍ പുനരന്വേഷണം വേണം

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ് ആയുധമാക്കി നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അന്‍വര്‍ കുറിപ്പ് ഇട്ടത്. റിദാന്റെ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം ഞാൻ ആരോപണം ഉയർത്തിയ ശേഷം ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് അന്‍വര്‍ ചൂണ്ടിക്കാണിക്കുന്നത്.

അന്‍വര്‍ നിശബ്ദനായിരിക്കണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിശബ്ദനായിരിക്കില്ലെന്ന സൂചനയാണ് പുതിയ എഫ്ബി പോസ്റ്റിലൂടെ അന്‍വര്‍ നല്‍കുന്നത്. പോലീസിനെ കുറ്റപ്പെടുത്തി അന്‍വര്‍ ആരോപണം തിരിക്കുന്നത് ആഭ്യന്തരവകുപ്പിന് നേരെ തന്നെയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.ശശിക്കും എഡിജിപി എം.ആര്‍.അജിത്‌ കുമാറിനുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സിപിഎമ്മും മുഖ്യമന്ത്രിയുമൊക്കെ അന്‍വറിനെ പൂര്‍ണമായി തള്ളിയിട്ടുണ്ട്. പക്ഷെ ഏറ്റെടുത്ത യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് അന്‍വറിന്റെ നീക്കങ്ങളില്‍ കാണുന്നത്.

എടവണ്ണയിലെ റിദാന്‍ ബാസിലിനെ കൊലപ്പെടുത്തിയത് സ്വർണക്കടത്തിന്റെ ഭാഗമായാണെന്നും എന്നാല്‍ കേസില്‍ പോലീസ് മറ്റൊരു കഥ കെട്ടിച്ചമച്ചതാണെന്നുമാണ് അന്‍വര്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് ഒന്നരവര്‍ഷം മുന്‍പുണ്ടായ ഈ കൊലപാതകം ചര്‍ച്ചയാകുന്നത്. 2023 ഏപ്രില്‍ 22-ന് പെരുന്നാള്‍ ദിവസമാണ് റിദാന്‍ ബാസിലി(27)നെ വീടിന് സമീപമുള്ള പുലിക്കുന്ന് മലയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകളാണ് ഏറ്റത്. സംഭവത്തില്‍ റിദാന്റെ സുഹൃത്ത് മുഹമ്മദ് ഷാനെ(30) ഏപ്രില്‍ 24-ന് പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെകൂട്ടുപ്രതികളായ ഏഴുപേരും അറസ്റ്റിലായി. കേസ് രജിസ്റ്റര്‍ ചെയ്ത് 88-ാം ദിവസം 4598 പേജുകളുള്ള കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

മമ്പാട്ടെ പ്രവാസി വ്യവസായിയുടെ ബിസിനസ് നോക്കുന്നത് ഒന്നാംപ്രതി മുഹമ്മദ് ഷാനായിരുന്നു. വ്യവസായിയുടെ സഹായത്തോടെ മുണ്ടേങ്ങരയില്‍ 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടു നിര്‍മാണവും ഷാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ ഷാനെ ജോലിയില്‍നിന്ന് പുറത്താക്കി. ഇതോടെ പ്രതി സാമ്പത്തികമായി തകര്‍ന്നു. പിന്നില്‍ റിദാനാണെന്ന് ഷാന്‍ സംശയിച്ചു. ഇതോടെ റിദാനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പോലീസ് പറഞ്ഞത്. ഏപ്രില്‍ 21-ന് രാത്രി ഒന്‍പതോടെ പ്രതി റിദാനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി സമീപമുള്ള കുന്നിന്‍മുകളിലെത്തിച്ച് വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

പി.വി.അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും,ഉന്നത പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു.ഈ കേസ്‌ പ്രത്യേക അന്വേഷണ സംഘം നേരിട്ട്‌ വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ കത്തും നൽകിയിരുന്നു. എഡിജിപി ലോ ആൻഡ്‌ ഓർഡർ ചുമതലയിൽ, ഈ കേസുമായി ബന്ധമുണ്ടെന്ന് ഞാൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് ഇന്നത്തോടെ വ്യക്തമായിട്ടുണ്ട്‌.

നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പോലീസ്‌ പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്‌. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും,അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും,കോടതി അത്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌.

ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ, അതായത്‌ ഞാൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത്‌ അന്വേഷണ വിധേയമാക്കേണ്ടതാണ്. പോലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക്‌ കരിപ്പൂരിലെ സ്വർണ്ണക്കടത്ത്‌ ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാന്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും ആ തെളിവ്‌ നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയും,പിന്നീട്‌ ഈ ഫോൺ കാണാതാവുകയും ചെയ്തിട്ടുണ്ട്‌. ഇത്‌ തന്നെയാണ് ഈ കേസിലെ ദുരൂഹതയും.
അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്‌.

ഈ വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ല. പുതിയ പ്രത്യേക അന്വേഷണ സംഘം ഈ കേസ്സിന്റെ പുനരന്വേഷണം നടത്തുകയും വേണം. പി.വി.അൻവർ ഇടപെട്ടു എന്നതിന്റെ പേരിൽ റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത്‌ എന്ന നിർബന്ധം എനിക്കുണ്ട്‌. നാളെ ഒരു കാലത്ത്‌ പി.വി.അൻവർ ഇക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്ന പരാതി ഉയരാൻ പാടില്ല എന്നതിനാൽ ഈ വിഷയം നിങ്ങൾ പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയിപ്പെടുത്തുന്നു എന്ന് മാത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top