‘ഒത്തുകളിയോ മധ്യസ്ഥമോ’ എന്ന് സമസ്ത മുഖപത്രം; പ്രതികള്‍ ആര്‍എസ്എസ് എന്നത് മറച്ചുവച്ചെന്ന് ചന്ദ്രിക; മൗലവി വധക്കേസില്‍ വിമര്‍ശനവുമായി മുഖപ്രസംഗങ്ങള്‍
തിരുവനന്തപുരം : മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറിതെവിട്ട കോടതി വിധിയില്‍ വിമര്‍ശനവുമായി മുസ്ലീം സംഘടനകളുടെ ദിനപത്രങ്ങള്‍. സമസ്തയുടെ സുപ്രഭാതം, ജമാ അത്തയുടെ മാധ്യമം, മുസ്ലീം ലീഗിന്റെ ചന്ദ്രിക എന്നീ പത്രങ്ങളുടെ മുഖപ്രസംഗങ്ങളിലാണ് വിധിയേയും പ്രോസിക്യൂഷനേയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ വീഴ്ചയ്‌ക്കൊപ്പം ഗൂഡാലോചന നടന്നുവെന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.
‘റിയാസ് മൗലവി വധക്കേസില്‍ 3 ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ടുകൊണ്ടുള്ള കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധി മതസ്പര്‍ദ്ധയുണ്ടാക്കുന്നതും വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നതുമാണ്’ . കൊന്നു തളളിയ മൗലവിയോട് പ്രതികള്‍ക്കുണ്ടായിരുന്ന പക മറ്റൊരു മത്തില്‍ വിശ്വസിക്കുന്നയാള്‍ എന്നത് മാത്രമാണ്. അതേ മനോനില തന്നെയാണോ നമ്മുടെ നീതി സംവിധാനങ്ങളേയും ബാധിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് വിധി ഉയര്‍ത്തുന്നതെന്നും മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നു. സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കിയിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് ഭയജനകമാണ്. പ്രതിയുടെ അര്‍എസ്എസ് ബന്ധം തെളിയിക്കാന്‍ കഴിഞ്ഞെല്ലെന്നാണ് വിധിയില്‍ പറയുന്നത്. എന്നാല്‍ പ്രതികളുടെ ആര്‍എസ്എസ് യൂണിഫോമിലുള്ള ഫോട്ടോയടക്കം കൈമാറിയിട്ടും തെളിവായില്ലെന്നാണോ വിശ്വസിക്കേണ്ടത് എന്ന ചോദ്യവും മുഖപ്രസംഗം ഉയര്‍ത്തുന്നു. സര്‍ക്കാരിനേയും പ്രോസിക്യൂഷനേയും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. വിധിപകര്‍പ്പില്‍ കോടതി ചൂണ്ടികാട്ടിയ വീഴ്ചകള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്‍ കേസില്‍ ഒത്തുകളിയ മധ്യസ്ഥമോ നടന്നതായി ന്യായമായും സംശയിക്കാമെന്നും എഡിറ്റോറിയില്‍ പറയുന്നുണ്ട്.
ചന്ദ്രകയിലെ മുഖപ്രസംഗത്തില്‍ സര്‍ക്കാരിനെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. കേസിലെ പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന വസ്തുത പോലും പ്രോസിക്യൂഷന്‍ കോടതിയില്‍ നിന്നും മറച്ചുവെച്ചുവെന്നാണ് ചന്ദ്രികയുടെ ആരോപണം. പ്രതികള്‍ രക്ഷപ്പെടേണ്ടത് പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു. ശിക്ഷ ഉറപ്പാക്കാനാവശ്യമായ തെളിവുകള്‍ കോടതിയില്‍ എത്തിച്ചില്ല. അതുകൊണ്ടു തന്നെ പ്രതികള്‍ രക്ഷപ്പെടുകയല്ല രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. ഇത് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ താല്പ്പര്യമാണ് എന്ന് സംശയിക്കാം. ആര്‍എസ്എസ് – സിപിഎം അന്തര്‍ധാരയുടെ വിജയകരമായ അടിയൊഴുക്കാണ് ഈ കേസിലുണ്ടയതെന്നും ചന്ദ്രിക ആരോപിക്കുന്നു.
മൗലവി കേസിലെ പ്രതികള്‍ രക്ഷപ്പെടുമ്പോള്‍ അതിന്റെ ആഘാതം നീതിക്കാണെന്നാണ് മാധ്യമം ദിനപത്രത്തിലെ മുഖപ്രസംഗത്തിലെ വിമര്‍ശനം. നീതിന്യായ സംവിധാനത്തില്‍ വിശ്വസിച്ച മൗലവിയുടെ കുടംബത്തിനടക്കം ഇത് തിരിച്ചടിയാവുകയാണ്. കോടതി പ്രോസിക്യാഷനേയും പ്രോസിക്യൂഷന്‍ വിധിയേയും ചോദ്യം ചെയ്യുമ്പോള്‍ നിയമവ്യവസ്ഥയില്‍ അവിശ്വാസം വളരുകയാണെന്നും മാധ്യമം കുറ്റപ്പെടുത്തുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here