മുന്‍ മന്ത്രിയെ പരിഹസിച്ച എന്‍ജിഒ യൂണിയന്‍ അംഗത്തിന്റെ പെന്‍ഷന്‍ കട്ട്; മാപ്പ് പറഞ്ഞ് പിഴയടച്ചിട്ടും വിടാതെ സർക്കാർ

തിരുവനന്തപുരം : മുന്‍മന്ത്രി എം.എം.മണിയെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചതിന് വിരമിച്ച ഉദ്യോഗസ്ഥനെ വിടാതെ സര്‍ക്കാര്‍. ഭരണ മുന്നണിയുടെ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ അംഗത്തെയാണ് വിദ്യാഭ്യാസ വകുപ്പ് വിടാതെ പിന്‍തുടരുന്നത്. പെന്‍ഷന്‍ തുകയില്‍ നിന്ന് പ്രതിമാസം 500 രൂപ വീതം പിടിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. സര്‍വ്വീസ് ചട്ടം ലംഘിച്ചതിന് മാപ്പ് അപേക്ഷിക്കുകയും 3000 രൂപ കോടതിയില്‍ പിഴയടയ്ക്കുകയും ചെയ്ത പാലക്കാട് സ്വദേശി മുഹമ്മദാലിയെയാണ് നിരന്തര പീഡനത്തിനും അച്ചടക്ക നടപടിക്കും വിധേയനാക്കിയത്.

മുന്‍മന്ത്രി എം.എം.മണിയുടെ ചിരിയേയും മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയതിനേയും വിമര്‍ശിച്ചുളള പോസ്റ്റുകളാണ് പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന മുഹമ്മദാലി പങ്കുവച്ചത്. പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായിരിക്കെയായിരുന്നു ഇത്തരത്തില്‍ രണ്ട് പോസ്റ്റുകള്‍ പങ്കുവച്ചത്. പിന്നാലെ മുഹമ്മദാലിക്കെതിരെ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതിയെത്തി. പൊലീസ് കേസില്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി മുഹമ്മദാലി 3000 രൂപ പിഴയുമടച്ചു.

2021ല്‍ മുഹമ്മദാലി സര്‍വീസില്‍ നിന്ന് വിരമിച്ചു. പെന്‍ഷന്‍ ആനുകൂല്യങ്ങളെല്ലാം വകുപ്പ്തല അന്വേഷണത്തിന്റെ പേരില്‍ പിടിച്ചുവച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ ഹിയറിംഗില്‍ മുഹമ്മദാലി ഹാജരായി മാപ്പ് അപേക്ഷിച്ച് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഗുരുതര സ്വഭാവത്തിലുള്ളതല്ല തെറ്റ് എന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ തുകയില്‍ നിന്നും പണം പിടിക്കാനുള്ള ഉത്തരവിറങ്ങിയത്.

36 വര്‍ഷത്തെ സര്‍വീസുള്ളയാളാണ് മുഹമ്മദാലി. സര്‍ക്കാര്‍ നയങ്ങളെ നേരിട്ട് വിമര്‍ശിക്കാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇത്തരമൊരു നടപടി ആപൂര്‍വ്വമാണ്. അച്ചടക്ക നടപടിയെ കുറിച്ചും ഒന്നും പ്രതികരിക്കാനില്ലെന്നാണ് മുഹമ്മദാലിയുടെ നിലപാട്. കൂടുതല്‍ പ്രതികരണം പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മുഹമ്മദാലി പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top