ഈദ് മുബാറക് ചൊല്ലാം; ത്യാഗസ്മരണകളുണർത്തി ബലിപ്പെരുന്നാൾ നാളെ കേരളത്തിൽ; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ആചരിക്കുന്നു

എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒറ്റനൂലില്‍ കോര്‍ത്തമുത്തുകളാണ് മനുഷ്യസമുദായം എന്ന ഓര്‍മപുതുക്കലാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യകര്‍മ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലിപ്പെരുന്നാൾ. ബക്രീദ് എന്ന പേരിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. മുസ്ലിംകള്‍ക്കിടയില്‍ എല്ലാ വര്‍ഷവും ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളില്‍ ഒന്നായ ബലിപ്പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുല്‍ഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 17നാണ് ദുല്‍ഹജ്ജ് പത്ത്. ചെറിയ പെരുന്നാള്‍ ശവ്വാല്‍ മാസത്തിലെ ആദ്യത്തെ ദിവസമാണ് ആചരിക്കുക.
വാക്ക് വന്ന വഴി
ബലി എന്നാണ് അദ്ഹ എന്ന അറബിവാക്കിന്റെ അര്‍ത്ഥം. ഈ ദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍. വലിയ പെരുന്നാള്‍ എന്ന വാക്ക് ബലിപ്പെരുന്നാൾ എന്ന പദത്തില്‍ നിന്ന് പിന്നീട് ഉണ്ടായതാണ്. ബക്രീദ് എന്ന വാക്കും പില്‍ക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് എന്നീ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്. ബക്കരി എന്നാല്‍ ആട് എന്നര്‍ത്ഥം. എന്നാല്‍ അല്‍ ബക്ര എന്നാല്‍ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അര്‍ത്ഥത്തില്‍ ബക്ര ഈദ്, ബക്രീദ് ആയി. ഇസ്ലാമിക വിശ്വാസപ്രകാരം ഇബ്രാഹിം നബി സ്വന്തം മകനെയാണ് അല്ലാഹുവിന്റെ പ്രീതിക്കായി ബലി കൊടുക്കാന്‍ തയ്യാറായത്. അതിന്റെ പ്രതീകമാണ് ചില രാജ്യങ്ങളിൽ ഇപ്പോഴും ആചാരത്തിൻ്റെ ഭാഗമായി നടത്തുന്ന മൃഗബലി.

എങ്ങനെ ആശംസിക്കാം
ബലിപെരുന്നാളിന് വിശ്വാസികള്‍ക്ക് പരസ്പരം ആശംസകള്‍ നേരാന്‍ പല പ്രയോഗങ്ങള്‍ പ്രചാരത്തിലുണ്ട്. ഈദ് മുബാറക്, കുല്ലു ആം അന്‍തും ബി ഖൈർ, തഖബ്ബലല്ലാഹ് മിന്നാ വമിന്‍കും വ സ്വാലിഹല്‍ അഹ്‌മാൽ തുടങ്ങി വിവിധതരം ഈദ് ആശംസകള്‍ പ്രയോഗത്തിലുണ്ട്.
എന്താണ് ബലിപ്പെരുന്നാൾ
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ മകന്‍ ഇസ്മയിലിനെ ദൈവകല്പന മാനിച്ച് ബലി നല്‍കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലിപ്പെരുന്നാൾ. നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മകനാണ് ഇസ്മയില്‍. ഒരിക്കല്‍ അള്ളാഹു സ്വപ്നത്തില്‍ വന്ന് ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് ത്യജിക്കാന്‍ ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു. ദൈവകല്‍പ്പന അനുസരിച്ച് തന്റെ പ്രിയപുത്രനെ ബലികൊടുക്കാന്‍ ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍വാക്ക് പറഞ്ഞില്ല. എന്നാല്‍ ഇബ്രാഹിമിന്റെ ഭക്തിയില്‍ അള്ളാഹു സംപ്രീതനായി. ബലിനല്‍കുന്ന സമയത്ത് ദൈവദൂതന്‍ എത്തുകയും ഇസ്മയിലിനെ മാറ്റി ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ ദിനത്തിന്റെ ഓര്‍മ്മപുതുക്കലാണ് ബലിപ്പെരുന്നാളായി ആചരിക്കുന്നത്. അള്ളാഹുവിന്റെ കൃപയാല്‍ ഇബ്രാഹിമിന് ഇസഹാക് എന്നൊരു പുത്രനും കൂടി ജനിച്ചു. ദൈവപ്രീതിക്കായി മനുഷ്യനെ ബലിനല്‍കരുതെന്ന സന്ദേശവും ബലിപ്പെരുന്നാൾ നല്‍കുന്നു. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിന്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.
ആഘോഷങ്ങള്‍ എങ്ങനെയെല്ലാം
മൂന്ന് ഘട്ടങ്ങളിലായാണ് ബലിപ്പെരുന്നാൾ ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുക, പാവങ്ങള്‍ക്ക് ദാനം നല്‍കുക എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തികളാണ് ബലിപ്പെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്. ഈ ദിവസം ബലികഴിച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനല്‍കിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരുഭാഗം പാവപ്പെട്ടവര്‍ക്കും നല്‍കുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുള്ള ഓരോ മുസ്ലീമും ബലി നല്‍കണമെന്നാണ് നിയമം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here