‘65000 കോടി കേരളം തടഞ്ഞുവച്ചിരിക്കുന്നു’; മുഖ്യമന്ത്രിയെ വിശ്വസിച്ചവര്‍ അനുഭവിക്കുന്നുവെന്ന് എൻജിഒ അസോസിയേഷൻ
എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള എൻജിഒ അസോസിയേഷൻ. എഴാം കമ്മിഷൻ്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് അടുത്ത കമ്മിഷനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടത് സർക്കാരിനെ പ്രതിപക്ഷ അനുകൂല സംഘടനയുടെ വിമർശനം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം പരിഷ്ക്കരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറും പാഴ്‌വാക്കായി മാറിയെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി എംഎം ജാഫർ ഖാൻ കുറ്റപ്പെടുത്തി.
കേരളത്തിൽ 2024 ജൂലൈ ഒന്നു മുതലാണ് ശമ്പളം പരിഷ്ക്കരിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ കമ്മിഷനെ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് കൃത്യസമയത്ത് പരിഷ്ക്കരണം നടപ്പാക്കുമെന്നാണ്. എൻജിഒ അസോസിയേഷനും, സെറ്റോയും മുഖ്യമന്ത്രിയെ ഇടക്കിടെ അത് ഓർമ്മപ്പെടുത്തുന്നുണ്ട്. വീണ്ടും അവഗണന തുടരാണ് തീരുമാനമെങ്കിൽ പണിമുടക്കി പതിഷേധിക്കും. മൂന്നാമത്തെ പണിമുടക്കിനുള്ള നോട്ടീസ് നൽകിയിട്ടുണ്ടെന്നും ജാഫർ ഖാൻ അറിയിച്ചു.
കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശിക പോലും നൽകാത്തതും കേന്ദ്ര ഡിഎ അട്ടിമറിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടനയുടെ സമരാഹ്വാനം. പിഎഫിൽ ലയിപ്പിച്ച ഡിഎ സർക്കാർ തട്ടിയെടുത്തു. ജീവനക്കാർക്ക് കഴിഞ്ഞ എഴു തവണത്തെ ഡിഎ ഇതുവരെ ലഭിച്ചിട്ടില്ല. അഞ്ച് കൊല്ലമായി ലീവ് സറണ്ടർ തരുന്നില്ലെന്നും എൻജിഒ അസോസിയേഷൻ ആരോപിച്ചു. ഇത്തരം ആനുകൂല്യങ്ങളിലൂടെ 65,000 കോടി രൂപയാണ് പിണറായി സർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് തവണ അധികാരം കിട്ടിയിട്ടും പാലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജാഫർ ഖാൻ കുറ്റപ്പെടുത്തി. എട്ടുവർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടി സർക്കാർ ഗവേഷണം നടത്തുകയാണ്. അതിന്‍റെ ഫലമാണ് ഇപ്പോള്‍ ജീവനക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പുതുതായി ഒന്നും ആവശ്യപ്പെടുന്നില്ല. സർക്കാർ അട്ടിമറിച്ച അവകാശങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ജാഫർ ഖാൻ പറഞ്ഞു.
അതേസമയം ഏഴാം ശമ്പള കമ്മിഷൻ്റെ കാലാവധി 2026 ജനുവരി ഒന്നിനാണ് അവസാനിക്കുന്നത്. എഴാം കമ്മിഷൻ്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയാക്കിയത്. മുമ്പ് ഇത് 7,000 രൂപയായിരുന്നു. കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി. ഏഴാം കമ്മിഷൻ ശുപാർശ പ്രകാരം പരമാവധി ശമ്പളം 2,50,000 രൂപയും പരമാവധി പെൻഷൻ 1,25,000 രൂപയുമാക്കി ഉയർത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here