നൂലില്‍കെട്ടിയിറക്കി കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലായി; വര്‍ക്കല ഇലകമണ്‍ പഞ്ചായത്തില്‍ കൂട്ടരാജി, ബിജെപി കളം പിടിച്ചേക്കും

വര്‍ക്കല: ഇലകമണ്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ അഞ്ച് പഞ്ചായത്തംഗങ്ങളാണ് രാജിവെച്ചത്. നേതാക്കളെ നൂലില്‍ കെട്ടിയിറക്കുന്ന രീതി തന്നെയാണ് ഇവിടെയും തിരിച്ചടിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്‍റെ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി. എതിര്‍പ്പ് നേതാക്കളെ അറിയിച്ചിട്ടും നടപടിയില്ലാത്തതാണ് രാജിയിലേക്ക് നയിച്ചത്. ഇതോടെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് അംഗങ്ങളില്ലാതെയായി.

ഡിസിസി അധ്യക്ഷന്‍ പാലോട് രവിയെ നേരിട്ട് കണ്ട് കഴിഞ്ഞ വെള്ളിയാഴ്ച രാജിക്കത്ത് നല്‍കിയതായി കളിയിക്കല്‍ വാര്‍ഡ്‌ മെമ്പര്‍ എം.ഷൈജി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

പാർട്ടി പ്രവർത്തനരംഗത്തില്ലാത്ത എസ്.ഷെന്‍സിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതോടെയാണ് ഇലകമണില്‍ പൊട്ടിത്തെറി തുടങ്ങിയത്. വര്‍ക്കലയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഇലകമൺ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വിനോജ് വിശാൽ, എം.ഷൈജി, ലില്ലി, സലീനാ കമാൽ, ജിഷ എന്നിവരാണ് രാജി നൽകിയത്. ഇവര്‍ക്കൊപ്പം ഡിസിസി സെക്രട്ടറി ബി.ഷാലിയും രാജി സമര്‍പ്പിച്ചതായി അറിയുന്നു. വർക്കലയിൽ പ്രധാന നേതാക്കൾ പങ്കെടുത്ത പരസ്യയോഗവും രാജിക്ക് ശേഷം ചേര്‍ന്നിട്ടുണ്ട്.

ഇലകമണിലെ പ്രശ്നങ്ങളെക്കുറിച്ച് ഷൈജിയുടെ പ്രതികരണം:

” ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി പഞ്ചായത്തംഗമാണ്. ഇതുവരെ എസ്.ഷെന്‍സ് എന്ന വ്യക്തിയെ പ്രവര്‍ത്തന രംഗത്ത് കണ്ടിട്ടില്ല. പക്ഷെ ഇയാള്‍ കോണ്‍ഗ്രസിന് എതിരെ സ്ഥാനാര്‍ഥിയാവുകയും പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത നേതാവാണ് പുതിയ മണ്ഡലം പ്രസിഡന്റ്. കെപിസിസി സെക്രട്ടറി ബി.ആര്‍.എം.ഷെഫീറാണ് ഈ നിയമനത്തിന് പിന്നില്‍. ഷെഫീറിനെതിരായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷെന്‍സ് വോട്ട് പിടിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിഷേധസൂചകമായാണ് രാജി നല്‍കിയത്”-ഷൈജി പറഞ്ഞു.

“ഇലകമണില്‍ മണ്ഡലം പ്രസിഡന്റിനെ തീരുമാനിച്ചത് പിണറായി വിജയനോ, ഗോവിന്ദന്‍ മാസ്റ്ററോ അല്ല. കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. ഇവിടെ മാത്രമല്ല മണ്ഡലം പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും പ്രശ്നങ്ങളുണ്ട്. ഇലകമണിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്”-തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രതിസന്ധി ഇലകമണില്‍ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാക്കുന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സിപിഎമ്മിന് ഏഴംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് നാലും അംഗങ്ങളുണ്ട്‌. ഇടതുമുന്നണിയേക്കാള്‍ പ്രതിപക്ഷത്തിന് അംഗബലം ഉള്ളതിനാല്‍ പ്രതിപക്ഷ തീരുമാനം തന്നെയാണ് പഞ്ചായത്തില്‍ നടപ്പിലായിരുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയുമായി ചേര്‍ന്നാല്‍ ഭരണം നിഷ്പ്രയാസം ഭരണം പിടിക്കാമെന്ന അവസ്ഥയുണ്ട്. ഈ രീതിയില്‍ അഭ്യൂഹം പ്രചരിക്കുന്നുണ്ട്. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top