ആരുടേതാണ് ഈർക്കിൽ പാർട്ടി? ആശമാരുടേത് ഈർക്കിൽ സംഘടനയുടെ സമരമെന്ന് എളമരം കരിം!! സിപിമ്മിൻ്റെ വോട്ടുകണക്ക് നോക്കിയാലോ…

സെക്രട്ടറിയേറ്റ് നടയിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരം ഈർക്കിൽ സംഘടനയുടെ നേതൃത്യത്തിലെന്ന് സിഐടിയു നേതാവിൻ്റെ പരിഹാസം. രാജ്യത്തെ ബ്രഹ്മാണ്ഡ പാർട്ടിയുടെ പരമോന്നത നേതാവെന്ന ഭാവമുണ്ട് ഈ തൊഴിലാളി നേതാവിൻ്റെ വാക്കുകളിൽ. സമരം ചെയ്യാനും പ്രതിഷേധിക്കാനും രാജ്യത്തെ എല്ലാ സംഘടനകൾക്കും പൗരന്മാർക്കും അവകാശമുണ്ടെന്ന് പോലും കണക്കാക്കാതെയാണ് ഒരു സമരസംഘടനയുടെ നേതാവ് തന്നെ, 17 ദിവസമായി സമരമിരിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത്. ഭരണഘടന നൽകുന്ന ഈ അവകാശം കരിമിൻ്റെ പാർട്ടിയുടെ ഔദാര്യമല്ലെന്നാണ് ആശാ വർക്കർമാർ പറയുന്നത്.
രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തനം ആരംഭിച്ചിട്ട് ഏതാണ്ട് 100 വർഷമാകുന്നു. 1952 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് രാജ്യത്തിൻ്റെ ഭരണം കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇനിയൊരു വിദൂരഭാവിയിൽ പോലും അതാരും പ്രതീക്ഷിക്കുന്നുമില്ല. 543 അംഗ ലോക്സഭയിലെ ക്വോറം തികയ്ക്കാൻ ആവശ്യമായ 55 അംഗങ്ങളെ പോലും ജയിപ്പിച്ചു വിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നുവെച്ച് കമ്യൂണിസ്റ്റ് പാർട്ടിയെ ആരും ഈർക്കിൽ പാർട്ടിയെന്ന് വിളിച്ചിട്ടില്ല. തങ്ങളുടേതാണ് ഇമ്മിണി ബല്യ പാർട്ടിയാണെന്ന് മേനി നടിക്കുന്ന കരിമിൻ്റെ പാർട്ടിക്ക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1.77 ശതമാനം വോട്ടാണ് നേടാനായത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാകട്ടെ വീണ്ടും താഴേക്കുപോയി 1.76 ശതമാനമാണ് ലഭിച്ചത്. അതായത് ഏതാനും സംസ്ഥാനങ്ങളുടെ ഭരണം കയ്യാളിയിട്ടു പോലും രണ്ട് ശതമാനം തികച്ചു വോട്ട് നേടാനാകാത്ത പാർട്ടിയുടെ നേതാവാണ് മറ്റുള്ളവർക്ക് ഈർക്കിൽ ചാപ്പ കുത്തുന്നത്.
പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശങ്ങളുടെ ഭാഗമാണ്. 1950ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം പൗരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യവും, ആയുധങ്ങളില്ലാതെ പ്രതിഷേധിക്കാനും അവകാശം നൽകുന്നുണ്ട്. സെക്രട്ടറിയേറ്റ് നടയിൽ 17 ദിവസമായി നടക്കുന്ന ആശാവർക്കർമാരുടെ സമരം തികച്ചും സമാധാനപരമാണ്, ഒപ്പം വലിയ തോതിൽ ജനപിന്തുണയും ലഭിക്കുന്നുണ്ട്. ആശമാരുടെ സമരം അന്യായമാണെന്ന് ആരും പറയുന്നില്ല. ശമ്പളവർദ്ധനക്കായി സമരം ചെയ്യുന്നത് എന്തോ പാതകമാണെന്ന മട്ടിലാണ് സിപിഎം നേതാക്കളുടെ അധിക്ഷേപവും പരിഹാസവും.
സമരക്കാരെ ഈർക്കിലി സംഘടനക്കാരെന്നും പാട്ടപ്പിരിവുകാരെന്നും ഒക്കെ ആക്ഷേപിക്കുന്ന കരീമിൻ്റെ പാർട്ടി 34 കൊല്ലം ഭരിച്ച ബംഗാളിലെ സിപിഎമ്മിൻ്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ പരിശോധിച്ചാൽ സംഘടനാ ദൗർബല്യത്തിൻ്റെ പേരിൽ ആരെയും ആക്ഷേപിക്കാൻ കഴിഞ്ഞെന്ന് വരില്ല. നിലവിൽ ബംഗാൾ നിയമസഭയിൽ സിപിഎമ്മിന് ഒരു എംഎൽഎ പോലുമില്ല. അവിടെ നിന്ന് ലോക്സഭയിലേക്ക് ഒരാളെ പോലും തിരഞ്ഞെടുത്തയക്കാൻ കരിമിൻ്റെ ഈർക്കിൽ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് സിപിഎം ടിക്കറ്റിൽ ലോക്സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന് പുറമെ മൂന്ന് സിപിഎം അംഗങ്ങൾ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളുടെ ഔദാര്യത്തിലാണ് ലോക്സഭയിലെത്തിയത്. സിപിഎമ്മിന് മഹാശക്തിയുണ്ടെന്ന് വീമ്പിളക്കുന്ന എളമരം കരിം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,46,176 വോട്ടിനാണ് സ്വന്തം തട്ടകമായ കോഴിക്കോട് തോറ്റതെന്നും ഓർക്കണം.
പ്രതിഷേധങ്ങളോട് കേന്ദ്രം ഭരിക്കുന്നവർക്കും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ നിലപാടാണ്. അക്കാര്യത്തിൽ അവർ ഒരേ തൂവൽ പക്ഷികളാണ്. സർക്കാരുകൾ കൈക്കൊള്ളുന്ന പ്രതിലോമ നിലപാടുകൾ ജനതയെ എത്രത്തോളം അസ്വസ്ഥമാക്കും എന്നറിയാൻ ആശാവർക്കർമാരുടെ സമരം ശ്രദ്ധിച്ചാൽ മതിയാവും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here