‘ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ കരിമിക്ക’… ആശമാരുടെ വേതനം 10,000 ആക്കണമെന്ന് എളമരം കരീമിൻ്റെ സബ്മിഷൻ!!

ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ സംഘടന അരാജകവാദികളുടേത് ആണെന്നും, ഈർക്കിൽ പാർട്ടികളുടെ പാട്ടപ്പിരിവ് പരിപാടിയാണെന്നും ദിവസങ്ങളായി അധിക്ഷേപിക്കുന്ന സിഐടിയു നേതാവും മുൻ മന്ത്രിയുമായ എളമരം കരീം, 2014ൽ ഇതേ ആശമാർക്ക് വേണ്ടി നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷൻ ഇപ്പോൾ ചർച്ചയാകുകയാണ്. ഓണറേറിയം 10,000 രൂപയാക്കണമെന്ന് ആണ് അന്ന് കരിം ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് സെക്രട്ടറിയേറ്റ് നടയിൽ ആശമാർ നടത്തിയ സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് 2014 ഡിസംബർ എട്ടിനായിരുന്നു കരിമിൻ്റെ സബ്മിഷൻ.
“എൻആർഎച്ച്എം -ന് കീഴിലുള്ള 29,000ത്തോളം ആശാ വർക്കേഴ്സ് പ്രതിമാസ ഓണറേറിയം 10,000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ഈ പ്രശ്നത്തിൽ അടിയന്തരമായ തീരുമാനമുണ്ടാക്കണം. വളരെ പാവപ്പെട്ട ഇവർ വളരെ സാഹസികമായാണ് ജോലി ചെയ്യുന്നത്. പക്ഷേ പുറത്തു പറയാൻ പോലും നാണക്കേട് ഉണ്ടാക്കുന്ന തുച്ഛമായ തുകയാണ് ഓണറേറിയമായി ഇപ്പോൾ അവർക്ക് നൽകിവരുന്നത്. ആശാ വർക്കേഴ്‌സിൻ്റെ ന്യായമായ ഈ ആവശ്യം അംഗീകരിച്ച് സമരം ഒത്തുതീർപ്പിൽ എത്തിക്കണമെന്ന് ബഹുമാനപ്പെട്ട മന്ത്രിയോട് അഭ്യർത്ഥിക്കുന്നു” -ഇതായിരുന്നു അദ്ദേഹത്തിൻ്റെ സബ്മിഷൻ.

പ്രതിപക്ഷത്തിരിക്കുമ്പോൾ ആശമാരുടെ സമരം ന്യായമാണെന്ന് വാദിക്കുന്ന കരിമിന് ഇപ്പോൾ സമരക്കാരോട് പരമ പുച്ഛമാണ്. പിണറായി സർക്കാരിനെ അട്ടിമറിക്കാൻ വന്ന അരാജകവാദികളാണ് എന്നാണ് ആശമാരുടെ സമരത്തെക്കുറിച്ച് ദേശാഭിമാനി ലേഖനത്തിൽ അദ്ദേഹം പറഞ്ഞത്. ഒരു തൊഴിലാളി നേതാവിന് ഇങ്ങനെ ഓന്ത് നിറം മാറ്റുന്ന പോലെ നിലപാട് മാറ്റി പറയാനാവുമോ? ഏതാനും ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണിത് എന്നാണ് ലേഖനത്തിൽ കരീം പറഞ്ഞത്. ‘ആർക്കുവേണ്ടിയാണ് ഈ സമരനാടകം’ എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയത്.
മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ‘പൊമ്പിളൈ ഒരുമ’ എന്ന പേരിൽ നടത്തിയ സമരത്തിന്റെ തനിയാവർത്തനമാണിത്. ഇതേ മാതൃകയിൽ ചില അരാജക സംഘടനകൾ ഏതാനും ആശാവർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും ലേഖനത്തിൽ അദ്ദേഹം ആരോപിച്ചിരുന്നു. “രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് ആശമാർ അതിവേഗം പിന്തിരിയണം. പാട്ടപ്പിരിവ് സംഘങ്ങളാണ് സമരത്തിന് പിന്നിൽ.” -ആശമാർക്ക് ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്ന് പരിഹസിച്ചു കൊണ്ട് എളമരം നിരന്തരം മാധ്യമങ്ങളെ കാണുന്നുണ്ട്.
2014ൽ സെക്രട്ടറിയേറ്റ് നടയിൽ ആശമാർ സമരം നടത്തിയപ്പോൾ ഓണറേറിയം കൂട്ടി പ്രശ്നം പരിഹരിക്കണമെന്ന് ഉമ്മൻ ചാണ്ടി സർക്കാരിനോട് ആവശ്യപ്പെട്ട അതേ നേതാവാണ് ഇപ്പോൾ പറയുന്നത്, അവരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രത്തിൻ്റെ ഉത്തരവാദിത്തമാണെന്ന്. അന്ന് കേന്ദ്ര സർക്കാരിനോട് ഒരു പരാതിയുമില്ലാതിരുന്ന കരീം ഇപ്പോൾ പറയുന്നത് ആശമാരുടെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന്. ഇങ്ങനെ യു-ടേൺ അടിക്കുന്ന എളമരം കരീമിനെയാണ് ഈ ദിവസങ്ങളിൽ കേരളം കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here