തെലങ്കാന നാളെ വിധിയെഴുതും; പ്രതീക്ഷയോടെ പാർട്ടികൾ

ഹൈദരാബാദ്: നിയമസഭയിലേക്ക് നാളെ തെലങ്കാന വിധി എഴുതും. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാനയിലെ 119 മണ്ഡലങ്ങളിലെ മൂന്ന് കോടി പതിനേഴ് ലക്ഷം വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്ന് ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണൽ.
സംസ്ഥാന രൂപീകരണ ശേഷം 2014-ലാണ് തെലങ്കാനയില്‍ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. തെലങ്കാന രാഷ്ട്ര സമിതിയാണ് (ഇന്നത്തെ ഭാരത രാഷ്ട്ര സമിതി) അധികാരത്തിലെത്തിയത്. 2018-ല്‍ ടിആർസ് അധികാരം നിലനിർത്തി. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇത്തവണ ചന്ദ്രശേഖർ റാവുവിൻ്റെ ഭാരത രാഷ്ട്രസമിതി (ബിആർഎസ് ) ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
ഇത്തവണ ബിആർഎസിനെ തോല്പിച്ച് സംസ്ഥാനം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് കോൺഗ്രസാണെങ്കിലും സംസ്ഥാനത്ത് ഇതുവരെ അധികാരത്തിലെത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അതിനുമാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇരു പാർട്ടികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തി കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിയും മത്സര രംഗത്ത് സജീവമാണ്. കേന്ദ്ര സർക്കാരിൻ്റെ നേട്ടങ്ങളും നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും വോട്ടാക്കി മാറ്റാം എന്ന കണക്കുകൂട്ടലിലാണ് ബിജെപി. ന്യൂനപക്ഷ പാർട്ടിയായ എഐഎംഐഎമ്മും തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
സർക്കാരിൻ്റെ കർഷക അനുകൂല നിലപാടുകളും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ പ്രഭാവവും വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നാണ് ബിആർഎസ് പ്രതീക്ഷ. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതാക്കളെ മുഴുവൻ കളത്തിലിറക്കിയായിരുന്നു സംസ്ഥാനം പിടിക്കാൻ കോൺഗ്രസ് നീക്കം നടത്തിയത്. കർണാടക മാതൃകയിൽ ആറ് ഉറപ്പുകൾ ജനങ്ങൾക്ക് നൽകിയാണ് കോൺഗ്രസ് ഇത്തവണ വോട്ടു ചോദിച്ചത്.
2290 സ്ഥാനാര്‍ത്ഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു, മകനും മന്ത്രിയുമായ കെ.ടി രാമറാവു, ടിപിസിസി പ്രസിഡന്റ് എ. രേവന്ദ് റെഡ്ഢി, ബിജെപി ലോക്‌സഭാംഗം ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ് എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here