ഇരട്ട നരബലി കേസിലെ പ്രതിക്ക് ജാമ്യമില്ല; മൂന്നാം പ്രതി ലൈല ഭഗവൽസിങ്ങിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കേരളത്തെ നടുക്കിയ അരുംകൊലയിലെ പ്രതികൾ പലവട്ടം ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിലാണ് മൂന്നാംപ്രതി ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും കൊലപാതകങ്ങളിൽ താൻ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ആയിരുന്നു വാദം. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദം. ജസ്റ്റിസ് സോഫി തോമസാണ് ജാമ്യഹര്‍ജി തള്ളിയത്.
എറണാകുളം കാലടി സ്വദേശിനി റോസ്ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാംപ്രതി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് കുഴിച്ചിട്ടെന്നുമാണ് കേസ്.
സാമ്പത്തിക ഉന്നതി ലക്ഷ്യമിട്ടാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി അടുത്തത്. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. ആഭിചാരക്കൊല നടത്തണമെന്ന് നിർദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികൾ പാകംചെയ്ത് കഴിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, പത്മയുടെ മാംസം പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സി.സി ടി.വി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ.
ലോട്ടറി വിറ്റ് ജീവിച്ച അമ്മ പത്മയെ കാണാനില്ലെന്ന് കാണിച്ച് 2022 സെപ്റ്റംബർ 27ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നൽകിയതോടെ നടന്ന അന്വേഷണത്തിലാണ് നരബലികൾ പുറംലോകം അറിഞ്ഞത്. അന്വേഷണം എറണാകുളത്ത് ഹോട്ടൽ നടത്തുന്ന പെരുമ്പാവൂർ സ്വദേശി ഷാഫിയിലേക്ക് എത്തി. ഇയാളുടെ ഹോട്ടലിലേക്ക് പത്മ പോകുന്നതും വാഹനത്തിൽ കയറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ ഷാഫി വലയിലായി. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു നരബലികളുടെയും കാര്യം പുറത്തുവന്നത്. പത്മക്കു മുമ്പ് കാലടിയിലെ ലോട്ടറി വിൽപനക്കാരി റോസ്ലിനെ 2022 ജൂൺ എട്ടിന് കൊലപ്പെടുത്തിയതായും ഷാഫി മൊഴി നൽകി. തുടര്‍ന്നാണ് കൂട്ടുപ്രതികളായ ഇലന്തൂരിലെ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരിലേക്ക് അന്വേഷണം എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here