ഒയാസിസ് കമ്പനിക്കെതിരായ ജലമലിനീകരണ കേസ് തിങ്കളാഴ്ച ഹരിത ട്രിബ്യൂണലില്‍; മദ്യപ്ലാന്റില്‍ പിന്നോട്ടില്ലെന്ന് പറയുന്ന കേരള സര്‍ക്കാരിനും നിര്‍ണായകം

എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുന്ന ഒയാസിസ് കമ്പനിയുടെ പഞ്ചാബിലെ പ്ലാന്റിലെ മലിനീകരണം സംബന്ധിച്ച കേസ് ഹരിത ട്രിബ്യൂണല്‍ ( National Green Tribunal – NGT ) തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദമാണ് ട്രിബ്യൂണലില്‍ നടക്കുന്നത്. 44 ഗ്രാമങ്ങളിലെ കുടിവെള്ളം മലിനമാക്കുന്നതിനെതിരെ സംയുക്ത കര്‍ഷക സംഘടനയായ സന്‍ജ മോര്‍ച്ച നല്‍കിയ കേസാണ് പരിഗണനയ്ക്ക് വരുന്നത്.

ഫിറോസ്പൂര്‍ ജില്ലയിലെ സിറ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മദ്യ പ്ലാന്റ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പഞ്ചാബ് സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു. തിങ്കളാഴ്ച ട്രിബ്യൂണലില്‍ നടക്കുന്ന അന്തിമവാദത്തില്‍ നിര്‍ണായകമായ തീരുമാനം ഉണ്ടാകുമെന്നാണ് സന്‍ജ മോര്‍ച്ചയുടെ പ്രതീക്ഷ. 2022 മുതല്‍ മദ്യ പ്ലാന്റിനെതിരെ ഗ്രാമവാസികളും കര്‍ഷകരും സമരത്തിലാണ്.

അമിതമായ ജലചൂഷണവും മലീനീകരണവും സൃഷ്ടിച്ചതിന്റെ പേരിലാണ് ഒയാസിസ് ഗ്രൂപ്പിന്റെ ഫിറോസ്പൂരിലെ മന്‍സൂര്‍വാല്‍ ഗ്രാമത്തിലെ മാല്‍ബ്രോ മദ്യ ഉല്പാദന യൂണിറ്റ് പഞ്ചാബ് സര്‍ക്കാര്‍ പൂട്ടിച്ചത്. വ്യവസായിക മാലിന്യങ്ങള്‍ അനധികൃതമായി നിക്ഷേപിച്ച പ്രദേശങ്ങളിലെ കുടിവെള്ളം മലിനമാകുകയും ചെയ്തിരുന്നു. നാല് കിലോമീറ്റര്‍ ചുറ്റളവിലെ 44 ഗ്രാമങ്ങളിലെ കുടിവെള്ള സ്‌ത്രോതസുകള്‍ മലിനപ്പെടുത്തി എന്നാണ് ആരോപണം. ഇതിനെതിരെ ജനങ്ങള്‍ ആറ് മാസം നടത്തിയ സമരത്തിനൊടുവിലാണ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. കമ്പനി പുറം തളളുന്ന വ്യാവസായിക മാലിന്യങ്ങള്‍ കുഴല്‍ കിണറുകള്‍ വഴി ഭൂമിക്കടിയിലേക്ക് തള്ളുന്നതായി സര്‍ക്കാരും മലിനീകരണ ബോര്‍ഡും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പ്ലാന്റ് അടപ്പിച്ചത്.

ഇതിനും പുറമെയാണ് ഒയാസിസ് ഗ്രൂപ്പിനെതിരെ ഡല്‍ഹിയിലെ 100 കോടിയുടെ മദ്യക്കോഴ വിവാദം പുറത്തുവന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഒയാസിസ് കമ്പനി ഡയറക്ടര്‍ ദീപക് മല്‍ഹോത്രയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് കഴിഞ്ഞ മാസം 15 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ തീരുമാനത്തിന് പിന്നില്‍ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

600 കോടി രൂപ മുതല്‍ മുടക്കി എലപ്പുള്ളിയില്‍ സ്ഥാപിക്കുന്ന മദ്യ നിര്‍മ്മാണ യൂണിറ്റില്‍ 1500 ലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. എലപ്പുള്ളിയില്‍ കുടിവെള്ളചൂഷണം ഉണ്ടാകില്ലെന്നും മദ്യനിര്‍മാണ കമ്പനി മഴവെള്ള സംഭരണി നിര്‍മ്മിക്കുമെന്നും ആണ് എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ വാദം. ഇടതുമുന്നണി യോഗത്തിൽ സിപിഐ എതിർപ്പ് ഉയർത്തിയപ്പോൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഈ ഉറപ്പ് നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top