എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ജിഹാദി പ്രവര്‍ത്തനം; ഷാരൂഖ് സെയ്ഫി തീയിട്ടത് ഒറ്റയ്ക്ക്; ആരും തിരിച്ചറിയാതിരിക്കാന്‍ കേരളം തിരഞ്ഞെടുത്തുവെന്നും എന്‍ഐഎ കുറ്റപത്രം

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് ജിഹാദി പ്രവര്‍ത്തനമെന്നും ഷാരൂഖ് സെയ്ഫി തീയിട്ടത് ഒറ്റയ്ക്കെന്നും എന്‍ഐഎ കുറ്റപത്രം. ആലപ്പുഴ കണ്ണൂര്‍ എക്സിക്യുട്ടീവ്‌ എക്സ്പ്രസ് ഡി വണ്‍ കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടത് പ്രതി ഒറ്റയ്ക്കാണ്. കേരളം തിരഞ്ഞെടുത്തത് ആരും തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ്. പൊതുസമൂഹത്തില്‍ ഭീതി വിതയ്ക്കാന്‍ വേണ്ടിയാണ് പ്രതി ഈ കുറ്റകൃത്യം ചെയ്തത്-കുറ്റപത്രവുമായി ബന്ധപ്പെട്ട് എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ട്രെയ്ന്‍ തീവയ്പ്പ് കേസില്‍ ഒരു കുട്ടി അടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരപ്രവര്‍ത്തനം നടത്താന്‍ വേണ്ടിയാണ് ഷാരൂഖ് സെയ്ഫി ഡല്‍ഹി ഷഹീന്‍ബാഗില്‍ നിന്നും കേരളത്തിലെത്തിയത്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മഹാരാഷ്ട്ര രത്നഗിരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 31ന് കേരളത്തിലെത്തുകയും ഏപ്രില്‍ രണ്ടിന് പ്രതി കുറ്റകൃത്യം ചെയ്യുകയും ചെയ്തു. ഷോര്‍ണ്ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങുകയും ഷോര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറുകയും ചെയ്തു.

ജിഹാദി പ്രവര്‍ത്തനത്തിന് കേരളം തിരഞ്ഞെടുത്തത് ആരും തിരിച്ചറിയാതിരിക്കാനാണ്. പൊതുസമൂഹത്തില്‍ ഭീതി വിതയ്ക്കാന്‍ വേണ്ടിയാണ് കൃത്യം ചെയ്തത്. ജിഹാദിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പ്രോപ്പഗണ്ടയില്‍ ആകൃഷ്ടനായാണ്‌ ഭീകരവാദത്തിലേക്ക് തിരിയുന്നത്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക പ്രബോധകരെയാണ് ഓണ്‍ലൈനില്‍ പിന്തുടര്‍ന്നത്. ഇതിന്റെയെല്ലാം പിന്‍ബലത്തില്‍ ജിഹാദി ഭീകരപ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു.

കോഴിക്കോട് റെയില്‍വേ പോലീസാണ് ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേരള പോലീസിന്റെ സ്പെഷ്യല്‍ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുത്ത് എന്‍ഐഎ അന്വേഷണം തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top