വീട്ടില്‍ ഒറ്റപ്പെട്ട് കഴിഞ്ഞ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു; ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നിലയില്‍; ഫൊറന്‍സിക് പരിശോധന ആരംഭിച്ചു
പത്തനംതിട്ട: വൃദ്ധദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി സിടി വര്‍ഗീസ് (78) ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന നിലയിലായിരുന്നു. അന്നമ്മയുടെ മൃതദേഹം മുറിക്കുള്ളിലും വര്‍ഗീസിൻ്റേത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഇരുവരെയും കാണാത്തതിനാല്‍ അന്വേഷിച്ചു ചെന്ന വര്‍ഗീസിന്‍റെ സഹോദരനാണ് ദമ്പതികളുടെ പൊള്ളലേറ്റ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചതിനാല്‍ ആത്മഹത്യാശ്രമം ആണോയെന്നും സംശയമുണ്ട്. തീപിടിത്തത്തില്‍ വീടിന്‍റെ ജനലുകളും മറ്റ് വസ്തുക്കളും തകര്‍ന്ന നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകു.
വര്‍ഗീസിനും അന്നമ്മയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്. മകന്‍ വിദേശത്താണ്. രണ്ട് പെണ്മക്കള്‍ വിവാഹിതരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here