സർക്കാരിനെ പുകഴ്ത്തി ലഘുലേഖ അടിച്ചിറക്കിയ പ്രിസൈഡിംഗ് ഓഫീസറെ തിരഞ്ഞടുപ്പ് കമ്മിഷൻ നീക്കം ചെയ്തു; നടപടി സിപിഎം സംഘടനാ നേതാവ് അശോക് കുമാറിനെതിരെ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിപിഎം നിയന്ത്രണത്തിലുള്ള സംഘടനാ നേതാവിനെ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രിസൈഡിംഗ് ഓഫീസർ സ്ഥാനത്ത് നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കി. ഒപ്പം ശക്തമായ താക്കീത് നൽകാൻ വകുപ്പ് മേധാവിക്ക് നിർദേശം നൽകുകയും ചെയ്തു. ധനവകുപ്പിലെ സെക്ഷൻ ഓഫീസറും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കെ.എൻ.അശോക് കുമാറിനെതിരെയാണ് കമ്മീഷൻ്റെ അസാധാരണ നടപടി. തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി നിയമകാര്യ കൺവീനർ ജെ.ആർ.പത്മകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അശോക് കുമാർ സെക്രട്ടറിയായ സംഘടന സർക്കാരിൻ്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ട് ‘കണ്ണാടി’ എന്ന പേരിൽ ലഘുലേഖ അടിച്ച് ജീവനക്കാർക്കിടയിലും മറ്റും വിതരണം ചെയ്തിരുന്നു. അതേസമയം അശോകിനെ അരുവിക്കര നിയമസഭ നിയോജക മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസറായി നിയമിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസർ സ്ഥാനത്ത് നിയമിക്കപ്പെട്ട വ്യക്തി ഈ ലഘുലേഖ വിതരണം ചെയ്തത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ് എന്നായിരുന്നു ബിജെപിയുടെ പരാതി.
എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് ഇത് വിതരണം ചെയ്തത് എന്നായിരുന്നു അശോകിൻ്റെ നിലപാട്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. പ്രിസൈഡിംഗ് ഓഫീസർ സ്ഥാനത്ത് നിയമിക്കപ്പെട്ട വ്യക്തിയുടെ നിഷ്പക്ഷതയിൽ കമ്മീഷൻ സംശയം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അശോക് കുമാറിനെ നീക്കം ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here