താൻ മന്ത്രിയാകുമെന്ന് തോമസ്‌.കെ.തോമസ്‌; പാർട്ടിയിലെ പ്രതിസന്ധി ഒഴിഞ്ഞാൽ പവാർ സഹായിക്കും; പിളര്‍പ്പില്‍ ശരദ് പവാറിനൊപ്പം നിൽക്കും

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിൽ പ്രതീക്ഷ കൈവിടാതെ തോമസ്‌.കെ.തോമസ്‌ എംഎല്‍എ. ശരദ് പവാര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കുമെന്ന് കരുതുന്നതായി തോമസ്‌.കെ.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “എന്‍സിപിയുടെ പേരും ചിഹ്നവും അജിത്‌ പവാര്‍ വിഭാഗത്തിനായതോടെ കടുത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി. ഭാവി തീരുമാനിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും പീതാംബരന്‍ മാസ്റ്ററും ഞാനും അടങ്ങുന്ന നേതൃനിര ഒന്നടങ്കം ഡല്‍ഹിയില്‍ പവാറിന്റെ വസതിയില്‍ ചര്‍ച്ചയിലാണ്. ഇന്ന് ആറ് മണിക്ക് മുന്‍പേ പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടതുണ്ട്. അത് സാധ്യമാണോ എന്നറിയില്ല. പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പവാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.” ഡൽഹിയിൽ നിന്ന് തോമസ്‌.കെ.തോമസ്‌ എംഎല്‍എ വിശദീകരിച്ചു.

“പ്രതിസന്ധി ഘട്ടത്തില്‍ അജിത്‌ പവാറിനൊപ്പം പോകാതെ ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കും. പിളര്‍പ്പിനു ശേഷമുള്ള പ്രശ്നങ്ങളില്‍ പാര്‍ട്ടിയുടെ അവകാശവാദത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വാദം നടക്കുകയായിരുന്നു. അജിത്‌ പവാര്‍ വിഭാഗത്തിനാണ് പാര്‍ട്ടിക്കും ചിഹ്നത്തിനും അവകാശമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വിധിച്ചത്. ഇതോടെ ശശീന്ദ്രനും ഞാനുമിപ്പോള്‍ സാങ്കേതികമായി എന്‍സിപി അജിത്‌ പവാര്‍ വിഭാഗത്തിന്റെ മന്ത്രിയും എംഎല്‍എമാരുമാണ്. അജിത്‌ പവാര്‍ വിഭാഗം നല്‍കുന്ന വിപ്പ് ലംഘിച്ചാല്‍ ഞങ്ങള്‍ക്ക് അയോഗ്യത വരും. പവാര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയില്ലെങ്കില്‍ ഞങ്ങള്‍ സ്വതന്ത്ര എംഎല്‍എമാരായി മാറും” തോമസ്‌.കെ.തോമസ്‌ പറഞ്ഞു.

എന്‍സിപിയുടെ പാര്‍ട്ടിയും ചിഹ്നവും അജിത്‌ പവാര്‍ വിഭാഗത്തിന് ലഭിച്ചതോടെ കേരളത്തിലെ അജിത്‌ പവാര്‍ വിഭാഗവും സജീവമായിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയുള്ള എന്‍.എ.മുഹമ്മദുകുട്ടി ഇന്ന് സംസ്ഥാന നിര്‍വാഹക സമിതിയോഗം കൊച്ചിയില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. സാങ്കേതികമായി എ.കെ.ശശീന്ദ്രനും തോമസ്‌ കെ.തോമസും ഇപ്പോൾ അജിത്‌ പവാര്‍ വിഭാഗം എംഎല്‍എമാരാണ്. ഞങ്ങളുടെ വിപ്പ് അംഗീകരിച്ചില്ലെങ്കില്‍ ഇരുവരും അയോഗ്യരാകുമെന്ന് മുഹമ്മദുകുട്ടി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top