മോദി–ബിൽ ഗേറ്റ്സ് അഭിമുഖം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യില്ല; അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; വിവാദങ്ങള്‍ ഒഴിവാക്കാനെന്ന് വിശദീകരണം

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തമ്മിലുളള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സംപ്രേഷണത്തിന് അനുമതി തേടിയുള്ള പ്രസാര്‍ ഭാരതിയുടെ അപേക്ഷ കമ്മിഷന്‍ നിരസിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉയരാവുന്ന വിമര്‍ശനം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഇ-മെയിലിലൂടെയാണ് പ്രസാര്‍ ഭാരതി അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുമതി തേടിയത്. എന്നാല്‍ ഇതിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചില്ല. പകരം അനൗദ്യോഗികമായി എതിര്‍പ്പ് അറിയിക്കുകയായിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം നല്‍കണമെന്ന നിലപാടിന് അഭിമുഖം സംപ്രേഷണം ചെയ്യുന്നത് വിരുദ്ധമാകുമെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ അഭിമുഖം സംപ്രേഷണം ചെയ്താല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഔദ്യോഗിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അവസരം നല്‍കിയെന്ന വിമര്‍ശനം ഉയരുമെന്നുറപ്പാണ്. സ്വകാര്യ ചാനലുകളിലും യുട്യൂബ് അടക്കമുളള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും 45 മിനിറ്റിനുള്ള അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എഐ സാങ്കേതിക വിദ്യ, കാലാവസ്ഥ വ്യതിയാനം, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം ഇരുവരും തമ്മില്‍ ആശയ വിനിമയം നടത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top