മോദിയുടെ രാമക്ഷേത്ര പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; മുസ്ലിംവിരുദ്ധ പ്രസംഗം പരിശോധിക്കുന്നു; നട്ടെല്ല് വളയുന്ന സമീപനമെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി : രാമക്ഷേത്രമടക്കം മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ വീഴ്ചയില്ലെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്‍. യുപിയിലെ പിലിഭിത്തില്‍ ബിജെപി പ്രചാരണ റാലിയിലെ പ്രസംഗത്തില്‍ ചട്ടലംഘനമില്ലെന്ന് കമ്മിഷന്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന്
പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതികള്‍ പരിഗണിച്ച ശേഷമാണ് ഈ നിലപാട് എടുത്തിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും സിഖ് തീര്‍ത്ഥാടനത്തിനുള്ള പാതയായ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ വികസനവും വിശദീകരിച്ചാണ് പ്രധാനമന്ത്രി റാലിയില്‍ സംസാരിച്ചത്. കൂടാതെ അഫ്ഗാനില്‍ നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മോദി പരാമര്‍ശിച്ചിരുന്നു. ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ മോദി ബിജെപിക്ക് വോട്ട് ചോദിച്ചത് ചട്ടലംഘനമാണെന്ന് ആരോപിച്ച് സുപ്രിംകോടതി അഭിഭാഷകന്‍ ആനന്ദ് എസ്.ജോന്‍ഡേലാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുകയാണെന്നും കമ്മിഷന്‍ അറിയിച്ചു. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാരും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും കോണ്‍ഗ്രസ് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെ കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികളും സ്വകാര്യവ്യക്തികളും പരാതി നല്‍കിയിട്ടുണ്ടെങ്കിലും മൂന്നുദിവസം കഴിഞ്ഞിട്ടും കമ്മിഷന്‍ നടപടിയെടുത്തിട്ടില്ല.
മോദിയുടെ കാര്യം വരുമ്പോള്‍ കമ്മീഷന്റെ നട്ടെല്ല് വളയുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നരേന്ദ്ര മോദിക്കെതിരെ മാത്രം നടപടിയുണ്ടാകാത്തത് ചോദ്യം ചെയ്ത് വീണ്ടും കമ്മിഷനെ സമീപിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here