ആറ് ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം; പശ്ചിമബംഗാള്‍ ഡിജിപിയേയും നീക്കണം; സുതാര്യമായ തിരഞ്ഞെടുപ്പിനെന്ന് വിശദീകരണം

ഡല്‍ഹി : ബിജെപി ഭരിക്കുന്നതുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെയാണ് മാറ്റേണ്ടത്. പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനായുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിശദീകരണം. ഹിമാചല്‍പ്രദേശിലെയും മിസോറാമിലെയും ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ചാഹലിനെയും അഡീഷണല്‍ കമ്മീഷര്‍മാരെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ തസ്തികയില്‍ മൂന്ന് വര്‍ഷം പിന്നിട്ടുണ്ടെങ്കില്‍ മാറ്റണം. സ്വന്തം ജില്ലയില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ സേവനമുള്ള ഉദ്യോഗസ്ഥരേയും നീക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം കമ്മിഷന്‍ നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 19 മുതല്‍ 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top