പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാർ ചുമതലയേറ്റു; നിയമനത്തിൽ കേന്ദ്ര ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡൽഹി: ഗ്യാനേഷ് കുമാറും സുഖ്‌ബിർ സിംഗ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി ചുമതലയേറ്റു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയാണ് ഒഴിഞ്ഞു കിടന്ന തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ പോസ്റ്റിലേക്ക് ഇന്നലെയാണ് പുതിയ നിയമനം നടത്തിയത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്യാനേഷ് കുമാറും സുഖ്‌ബിർ സിംഗ് സന്ധുവും.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷണർ ആക്ട് , 2023 നെതിരായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണും, കോൺഗ്രസ് നേതാവ് ഡോ. ജയ ഠാക്കൂറും നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് നിലവിൽ പാനലിലെ അംഗങ്ങൾ. പാനലിലെ ഭരണപക്ഷത്തിന്റെ ആധിപത്യം ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എതിർപ്പ് അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റ് പാസ്സാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണർ ആക്ട് , 2023 2024 ജനുവരി രണ്ടിന് പ്രാബല്യത്തിൽ വന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here