മൂന്നാംഘട്ടത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി; വിദേശ ശക്തികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മോദി
ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് ജനവിധി. ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക.
ഗുജറാത്തില്‍ 25 ഉം കര്‍ണാടകയിലെ 14 ഉം മഹാരാഷ്ട്രയില്‍ 11ഉം, ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങളും മധ്യപ്രദേശില്‍ 8 ഉം ഛത്തീസ്ഗഡില്‍ 7ഉം ബിഹാറില്‍ അഞ്ചും പശ്ചിമബംഗാളിലും അസംമിലും നാല് സീറ്റുകളിലും ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു കാശ്മീരിലെ അനന്തനാഥ് രചൗരിയിലെ വോട്ടെടുപ്പ് മെയ് 25 ലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിലെ സൂറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.
1,351 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്രമന്ത്രി അമിത് ഷാ, പോര്‍ബന്ദറില്‍ കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, മധ്യപ്രദേശിലെ ഗുണിയില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, രാജ്ഗഡില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്, വിദിഷയില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മഹാരാഷ്ട്രയിലെ ബാരാമതിയില്‍ എന്‍.സി.പിയിലെ സുപ്രിയ സുലെ, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ്, പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂരില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കര്‍ണാടകയിലെ ധാര്‍വാഡില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. ചില വിദേശശക്തികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും മാറുന്നത് മുസ്ലിങ്ങള്‍ കാണണം. ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. പ്രജ്വല്‍ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രജ്വലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here