തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പെയ്ഡ് ന്യൂസ് പോലെ; കേരളത്തില്‍ ബിജെപിക്കായി മത്സരിക്കുന്ന നാലിലൊന്നും മുന്‍ യുഡിഎഫുകാര്‍; പരിഹസിച്ച് മുഖ്യമന്ത്രി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പെയ്ഡ് ന്യൂസുകളാണെന്ന് സംശയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ഓവര്‍ടൈം പണിയെടുക്കാറുണ്ട്. അര്‍ദ്ധ സത്യങ്ങളും അതിശയോക്തികളും നിരന്തരം പ്രചരിപ്പിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമാണ് പുറത്തു വരുന്ന സര്‍വ്വേകളുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ കൂട്ടര്‍ സര്‍വ്വേ നടത്തി തോല്‍പ്പിച്ച കെ കെ ശൈലജ, പി രാജീവ്, എം എം മണി, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം ബി രാജേഷ് എന്നിവര്‍ നിയമസഭയിലുണ്ട്. ഇപ്പോള്‍ അതേ പരിപാടിയുമായി വീണ്ടും വന്നിരിക്കുകയാണ്. എന്ത് ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത് എന്ന് പറയാറില്ല. ഏതെങ്കിലും ഒരു ഏജന്‍സിയുടെ പിന്‍ബലത്തില്‍ തട്ടിക്കൂട്ടി പുറത്തുവിടുന്ന ഇത്തരം കണക്കുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ഉള്ളതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുന്‍ യുഡിഎഫുകാരാണ്. ഇതേ കോണ്‍ഗ്രസ്് പാര്‍ട്ടിയില്‍ ഇരുന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. ഇത് വിരോധാഭാസമാണ്. ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോയ്ക്കു മുന്നില്‍ വിളക്കു കൊളുത്തിയവരും ആര്‍എസ്എസിനോട് വോട്ട് ഇരന്നു വാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുക എന്നേ പറയാനുള്ളൂ. ആര്‍എസ്എസിനെതിരെ പറയാനും പൊരുതാനും ഇടതു പക്ഷത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top