തൃശൂരിലെ ഭൂരിപക്ഷം പ്രവചിച്ച് കോണ്‍ഗ്രസും സിപിഐയും; വിജയിക്കുക സുരേഷ് ഗോപിയെന്ന് ബിജെപിയും; തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി അവകാശവാദങ്ങള്‍ ശക്തം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് തൃശൂര്‍. എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും തൃശൂരിലേത് അഭിമാനപ്പോരാട്ടമായിരുന്നു. തൃശൂര്‍ ആര് നേടുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം.
തൃശൂരില്‍ വി.എസ്.സുനില്‍ കുമാര്‍ അമ്പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയം നേടുമെന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗം വിലയിരുത്തിയത്. കെ.മുരളീധരന്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ഇന്ന് നടന്ന കെപിസിസി യോഗത്തിന് ശേഷം ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ ബിജെപി നേടുന്ന ആദ്യ ലോക്സഭാ സീറ്റ് ആയിരിക്കും തൃശൂരിലേത് എന്നാണ് ബിജെപി വിലയിരുത്തുന്നത്.
സുരേഷ് ഗോപി തൃശൂരില്‍ ജയിക്കും എന്ന കാര്യത്തില്‍ ഒരു സംശയത്തിനും ഇടയില്ലെന്നുള്ള ആത്മവിശ്വാസമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. ബിജെപി ദേശീയ നേതൃത്വം നേരിട്ട് നിയന്ത്രിച്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൃശൂര്‍ ഉള്‍പ്പെടെ ഒന്നിലധികം സീറ്റുകളില്‍ അത്ഭുതം കാണിക്കുമെന്ന് നേതാക്കളും അണികളും ഒരുപോലെ കരുതുകയും ചെയ്യുന്നു.
തൃശൂരില്‍ സിപിഎം ബിജെപിക്ക് വോട്ടുമറിച്ചുവെന്ന ആക്ഷേപമാണ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ഉയര്‍ത്തിയത്. സിറ്റിംഗ് എംപിയായിരുന്ന ടി.എന്‍.പ്രതാപനെ മാറ്റി അവസാന സമയത്ത് കെ.മുരളീധരനെ രംഗത്തിറക്കിയാണ് തൃശൂരില്‍ കോണ്‍ഗ്രസ് മത്സരം കൊഴുപ്പിച്ചത്. കരുവന്നൂരും എക്സാലോജികും ഉള്‍പ്പെടെ സിപിഎം ഇടപെട്ട കേസുകളില്‍ നിന്നും തലയൂരാന്‍ ബിജെപിയുമായി സിപിഎം ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട് എന്ന് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പല കുറി ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരം പോലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചത് ബിജെപിയെ സഹായിക്കാനാണ് എന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തി. സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ ആക്രമിച്ചാണ് തൃശൂരില്‍ കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്.
കോണ്‍ഗ്രസ് ആരോപണ ശരങ്ങളെ ഒട്ടും കൂസാതെയാണ് ഇടതുമുന്നണി പ്രചാരണം മുന്നോട്ട് കൊണ്ടുപോയത്. മുന്‍ മന്ത്രി, മുന്‍ എംഎല്‍എ എന്ന നിലയില്‍ വി.എസ്.സുനില്‍ കുമാറിന് സ്വാധീനമുള്ള മേഖലയാണ് തൃശൂര്‍. തൃശൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണി എംഎല്‍എമാരാണ് വിജയിച്ചത്. ഇടതു ഭരണത്തിന്റെ തണലിലാണ് സിപിഐ പ്രചാരണം മുന്നോട്ടുനീക്കിയതും. വിജയത്തില്‍ കുറഞ്ഞ ഒരു ചിന്തയും തൃശൂരില്‍ പാര്‍ട്ടിക്കില്ല.
കഴിഞ്ഞ തവണ മത്സരിച്ച സുരേഷ് ഗോപിയെ തന്നെയാണ് ബിജെപി ഇക്കുറിയും തൃശൂരില്‍ കളത്തിലിറക്കിയത്. രാജാജി മാത്യൂസിനും താഴെ മൂന്നാം സ്ഥാനത്താണ് കഴിഞ്ഞ തവണ എത്തിയതെങ്കിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു ലക്ഷത്തോളം വോട്ട് സുരേഷ് ഗോപിക്ക് അധികം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ വിജയിച്ച ടി.എന്‍.പ്രതാപനുമായി ഒരു ലക്ഷത്തോളം വോട്ടിന്റെ വ്യത്യാസമുണ്ടെങ്കിലും പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രചാരണങ്ങളിലൂടെ അത് മറികടക്കും എന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here