അടിച്ചുപിരിയുന്ന പാർട്ടികളും കോടതി കയറുന്ന ചിഹ്നങ്ങളും; നുകമേന്തിയ കാള മുതൽ കൈപ്പത്തി വരെ, സിംബലുകളുടെ പിന്നിലെ സിംപിൾ കഥകൾ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ പതിനെട്ടാമത് പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഒന്നാമത് തിരഞ്ഞെടുപ്പു മുതൽ മത്സരിക്കുന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യുമാണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർടികൾ. മിക്ക പാർട്ടികളും ഇതിനോടകം പിളരുകയും ചിഹ്നത്തിൻ്റെയും കൊടിയുടെയും പേരിൽ അടികൂടുകയും ചെയ്യുന്നത് പതിവാണ്. പാർട്ടിയുടെ നിറവും കൊടിയും ചിഹ്നവുമൊക്കെ നോക്കി വോട്ടുചെയ്യുന്ന വോട്ടർമാരുടെ നാടാണ് നമ്മുടേത്. പാർട്ടികളുടെ ചിഹ്നങ്ങൾക്ക് ചരിത്രവും അതിൻ്റേതായ പ്രാധാന്യമുണ്ട്.
നുകമേന്തിയ കാള മുതൽ കൈപ്പത്തി വരെ
രാജ്യം സ്വതന്ത്ര റിപ്പബ്ളിക്കായ ശേഷം നടന്ന 1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്റു നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നം നുകമേന്തിയ കാളയായിരുന്നു. കർഷകരുടേയും പാവപ്പെട്ടവരുടേയും പാർട്ടി എന്ന നിലയിലായിരുന്നു കോൺഗ്രസ് ഈ ചിഹ്നം സ്വീകരിച്ചത്. 1969ൽ ഇന്ദിരാഗാന്ധിക്കെതിരെ പാർടിക്കുള്ളിൽ ഉണ്ടായ കലാപത്തെ തുടർന്ന് കോൺഗ്രസ് രണ്ടായി പിളർന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ സംഘടനാ കോൺഗ്രസും, ഇന്ദിരയുടെ നേതൃത്വത്തി ൽ ഇന്ദിരാ കോൺഗ്രസും ഉണ്ടായി. ചിഹ്നത്തിൻ്റെ പേരിൽ തർക്കമുയർന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നുകമേന്തിയ കാളയെ മരവിപ്പിച്ചു. ഇന്ദിരയെ അനുകൂലിക്കുന്ന കോൺഗ്രസിന് പശുവും കിടാവും, നിജലിംഗപ്പ നേതൃത്വം കൊടുത്ത സംഘടനാ കോൺഗ്രസിന് ചർക്ക തിരിക്കുന്ന സ്ത്രീയും ചിഹ്നങ്ങളായി അനുവദിച്ചു.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ കോൺഗ്രസ് തോറ്റ് തുന്നംപാടി. വീണ്ടും കോൺഗ്രസ് പിളർപ്പിനെ നേരിട്ടു. ബ്രഹ്മാനന്ദ റെഡിയുടെ നേതൃത്വത്തിൽ ഒരു കൂട്ടർ പിളർന്നു മാറി. പശുവും കിടാവും ചിഹ്നത്തിൻ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇന്ദിരയുടെ പാർട്ടിയും റെഡ്ഡി യുടെ പാർട്ടിയും തമ്മിൽ കേസും വക്കാണവുമായി. അതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പശുവും കിടാവും ചിഹ്നം മരവിപ്പിച്ചു. 1978ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര) എന്ന പാർട്ടി രൂപീകരിച്ചു. കൈപ്പത്തി ചിഹ്നവും അനുവദിച്ചുകിട്ടി.
കൈപ്പത്തി ചിഹ്നമായി കിട്ടിയതിന് പിന്നിലൊരു കഥയുണ്ട്. അതിങ്ങനെ…. മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലം പതിച്ചതിന് പിന്നാലെ, കോൺഗ്രസ് പിന്തുണയോടെ രൂപീകരിച്ച ചരൺ സിംഗ് സർക്കാരും വീണു. ഇതോടെ രണ്ടര വർഷത്തിനിടയിൽ രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ട സാഹചര്യമായി. 1980ൽ ഏഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കോൺഗ്രസ് പിളർന്നതിനാൽ പശുവും കിടാവും ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. പകരമായി ആന, സൈക്കിൾ , കൈപ്പത്തി എന്നിവയിൽ ഏതെങ്കിലുമൊരു ചിഹ്നം നൽകാമെന്ന് കമ്മീഷൻ വാഗ്ദാനം ചെയ്തു. ഇന്ദിര കൂടുതലൊന്നും ആലോചിക്കാതെ കൈപ്പത്തി തിരഞ്ഞെടുത്തു.
കൈപ്പത്തി ചിഹ്നം തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.എസ് കൈലാസത്തിൻ്റെ ഭാര്യ സൗന്ദര്യ കൈലാസം ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിൻ്റെ ഭാര്യാ മാതാവാണ് സൗന്ദര്യ കൈലാസ്. പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠയെക്കുറിച്ച് സൗന്ദര്യ പലപ്പോഴും ഇന്ദിരയോട് പറഞ്ഞിരുന്നു. ഇത് മനസിൽ വെച്ചാവാം ഇന്ദിര കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചതെന്ന് കരുതുന്നവരുണ്ട്.
ഇന്ത്യയിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. രണ്ട് കൈപ്പത്തി കൊണ്ട് ഹേമാംബിക ദേവി ഭക്തരെ അനുഗ്രഹിക്കും വിധത്തിലാണ് പ്രതിഷ്ഠ. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഇന്ദിരയുടെ കോൺഗ്രസ് 42.9 ശതമാനം വോട്ടും 353 സീറ്റും നേടി അതിഗംഭീരമായി അധികാരത്തിലേക്ക് തിരിച്ചുവന്നു. പ്രധാനമന്ത്രിയായ ശേഷം 1982ൽ ഇന്ദിര ഏമൂർ ഹേമാംബിക ക്ഷേത്രം സന്ദർശിച്ചിരുന്നു. കഴിഞ്ഞ 44 വർഷമായി കൈപ്പത്തി ചിഹ്നം കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി തുടരുന്നു.
കത്തിച്ചുവച്ച ദീപം മുതൽ വിടർന്ന താമര വരെ
ബിജെപിയുടെ പൂർവരൂപമായ ഭാരതീയ ജനസംഘം ഒന്നാമത്തെ തിരഞ്ഞെടുപ്പു മുതൽ 1971 വരെ ദീപം ചിഹ്നത്തിലാണ് മത്സരിച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ സംഘടനാ കോൺഗ്രസ്, ലോക്ദൾ, ജനസംഘം, സംയുക്ത സോഷ്യലിസ്റ്റ് പാർടി, കോൺഗ്രസ് ഫോർ ഡെമോക്രസി എന്നീ പാർട്ടികൾ ലയിച്ചാണ് ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ ജനതാ പാർട്ടി നിലവിൽ വന്നത്. കലപ്പയേന്തിയ കർഷകനായിരുന്നു അവരുടെ ചിഹ്നം. ജനതാപാർട്ടി പ്രവർത്തകർ ആർഎസ്എസിൽ അംഗത്വം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ജനതാപാർട്ടി പിളർന്നു, പഴയ ജനസംഘക്കാർ പുതിയ പാർട്ടി 1980ൽ രൂപീകരിച്ചു. ഭാരതീയ ജനത പാർട്ടി എന്ന ബിജെപി താമര ചിഹ്നത്തിൽ ഏഴാം ലോക്സഭയിലേക്ക് മത്സരിച്ചു. അന്നു മുതൽ ബിജെപി താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. കോൺഗ്രസിൻ്റെ കൈപ്പത്തിക്കുള്ള അതേ പ്രായമാണ് താമരയ്ക്കും.
അരിവാൾ നെൽക്കതിർ, അരിവാൾ ചുറ്റിക നക്ഷത്രം
1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ‘സ്വാതന്ത്ര്യം കള്ളമാണ്’ എന്നുപറഞ്ഞ് ജനകീയ വിപ്ലവത്തിന് ശ്രമിച്ചുപോന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി 1951ൽ റഷ്യൻ നേതാവ് ജോസഫ് സ്റ്റാലിൻ്റെ നിർദേശപ്രകാരമാണ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ തീരുമാനിച്ചത്. അങ്ങനെ 1952ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ അരിവാൾ നെൽക്കതിർ അടയാളത്തിൽ മത്സരിച്ചു. പിന്നീട് 57, 62 തിരഞ്ഞെടുപ്പുകളിലും ഇതേ ചിഹ്നത്തിൽ തന്നെ മത്സരിച്ചു. 1964ൽ പാർട്ടിയിലുണ്ടായ പിളർപ്പിനെ തുടർന്ന് സിപിഎം രൂപംകൊണ്ടു. പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ സിപിഎം അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിക്കുന്നു.
കലപ്പയേന്തിയ കർഷകൻ, കറ്റയേന്തിയ സ്ത്രീ
ഒരുപാട് പിളർപ്പും രൂപപരിണാമങ്ങളും സംഭവിച്ചവരാണ് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പാർട്ടികൾ. വളർന്നും പിളർന്നും, തമ്മിലടിച്ചും ഇക്കൂട്ടർ ഏതാണ്ട് ഇല്ലാതാകുന്നു എന്ന് തന്നെ പറയാം. റാം മനോഹർ ലോഹ്യ രൂപീകരിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി (ഐസിപി)യുടെ ആദ്യ ചിഹ്നം ആൽമരമായിരുന്നു. പിന്നെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയായപ്പോൾ കുടിൽ ആയിരുന്നു തിരഞ്ഞെടുപ്പ് അടയാളം. പിളർന്നും ലയിച്ചും പിന്നെയും പിളർന്നുമൊക്കെ ഒരു പരുവമായ കാലത്താണ് പല പാർട്ടികൾ ചേർന്ന് ജനതാ പാർട്ടി രൂപം കൊണ്ടത്. അന്ന് കലപ്പയേന്തിയ കർഷകനായിരുന്നു ചിഹ്നം. പാർട്ടി അധ്യക്ഷനായിരുന്ന ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുണ്ടാക്കിയ പാർട്ടിയുടെ ചിഹ്നം ചക്രത്തിനുള്ളിലെ കർഷകനായിരുന്നു. വീണ്ടും പിളർന്ന് ട്രാക്ടറും, നെൽക്കതിരേന്തിയ സ്ത്രീയുമൊക്കെ സോഷ്യലിസ്റ്റുകളുടെ അടയാളമായി. ഒടുവിൽ ജനതാ പാർട്ടിയുടെ കഷണങ്ങൾ തന്നെ ഏതാണ്ട് അസ്തമിച്ച മട്ടാണ്.
തോണിയിൽ നിന്ന് കോണിയിലേക്ക്
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് ആദ്യ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തോണിയായിരുന്നു അവരുടെ അടയാളം. 1957ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പു മുതലാണ് ഏണി അഥവാ കോണി ചിഹ്നത്തിൽ മത്സരിച്ചു തുടങ്ങിയത്. 1960 മുതലാണ് ലീഗ് കോണി ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. പാർട്ടിയിൽ പിളർപ്പുണ്ടായി അഖിലേന്ത്യാ ലീഗുണ്ടായപ്പോഴും കോണി ചിഹ്നം ഔദ്യോഗിക വിഭാഗത്തിനൊപ്പമായി. ഇന്നും രാശിയുള്ള അടയാളമായി കോണി ലീഗിനൊപ്പമാണ്.
കേരള കോൺഗ്രസും എഐഎഡിഎംകെയും തമ്മിൽ
1964ൽ രൂപം കൊണ്ട കേരള കോൺഗ്രസിൻ്റെ ആദ്യ ചിഹ്നം കുതിരയായിരുന്നു. ഇവർ 1965ൽ ആദ്യമായി മത്സരിച്ചപ്പോൾ കുതിര ചിഹ്നത്തിൽ മത്സരിച്ച് 25 സീറ്റ് നേടി. വലിയൊരു അട്ടിമറിയായിരുന്നു അത്. ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നിയമസഭ ചേർന്നില്ല. പിന്നീട് പിളർന്നും വളർന്നും പിളർന്നും ഒരുപാട് കഷണങ്ങളായ കേരള കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നം രണ്ടിലയായത് 1987ലാണ്. അന്നുതൊട്ട് ഇന്നുവരെ മാണി ഗ്രൂപ്പ് രണ്ടില ചിഹ്നത്തിലാണ് മത്സരിക്കുന്നത്. 2020ൽ യുഡിഎഫിൽ നിന്ന് എൽഡിഎഫിൽ എത്തിയെങ്കിലും രണ്ടില നിലനിർത്താൻ മാണി ഗ്രൂപ്പിന് കഴിഞ്ഞു. യുഡിഎഫിൽ തുടർന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ടിലക്കായി ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപക്ഷത്തെയാണ് തുണച്ചത്. തമിഴ്നാട്ടിൽ എഐഎഡിഎംകെയുടെ ചിഹ്നമാണ് രണ്ടില.
മൺവെട്ടിയും മൺകോരിയുമായി പ്രേമചന്ദ്രൻ
കേരള കോൺഗ്രസ് പോലെ പിളർന്ന് വശംകെട്ടതാണ് റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്ന ആർഎസ്പി. 2014ൽ കേരള ഘടകം എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചിഹ്നം സംബന്ധിച്ച പരാതികളുണ്ടായി. സ്ഥിരം ചിഹ്നമായ മൺവെട്ടിയും മൺകോരിയും ഉപയോഗിക്കുന്നതിന് എതിരെ കൊല്ലത്തെ സിപിഎം നേതൃത്വം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ചിഹ്നം ഉപയോഗിക്കുന്നതിനെ ആർഎസ്പി ബംഗാൾ ഘടകം എതിർക്കാത്തിരുന്നതാണ് 2014ൽ കൊല്ലത്ത് മത്സരിച്ച എൻകെ പ്രേമചന്ദ്രന് തുണയായത്. 2019ലും ഒടുവിൽ ഇത്തവണയും മൺവെട്ടിയും മൺകോരിയും ചിഹ്നത്തിലാണ് ആർഎസ്പി മത്സരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here