കേരളത്തില്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍; യുവവോട്ടര്‍മാര്‍ നാല് ലക്ഷത്തോളം; നൂറ് പിന്നിട്ടവര്‍ 2999 പേര്‍; ആകെ രണ്ട് കോടി 72 ലക്ഷം സമ്മതിദായകര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് കോടി 72 ലക്ഷം സമ്മതിദായകര്‍. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് 2,72,80,160 വോട്ടര്‍മാരാണുള്ളത്. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. നിലവിലെ കണക്കനുസരിച്ച് 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. വോട്ടര്‍പട്ടികയിലെ 3,70,933പേര്‍ യുവാക്കളാണ്. 88,384 പ്രവാസി വോട്ടര്‍മാരുമുണ്ട്.
25,177 ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി തയാറാകുന്നത്. 181 ഉപ ബൂത്തുകളുമുണ്ടാകും. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകളും, യുവാക്കള്‍ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകളും, ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകളുമുണ്ടാകും. 2,776 ബൂത്തുകള്‍ മാതൃക ബൂത്തുകളായിരിക്കും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടാകും. സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും. 85 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ കഴിയും.
പൊതുജനങ്ങള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലകളില്‍ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ 18004251965 എന്ന നമ്പറിലും ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ ലഭിക്കും. പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ സി-വിജില്‍ എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളില്‍ ഇതില്‍ നടപടി ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.
പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങി. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനുളള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ഈ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് 27വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 28ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 30വരെ നോമിനേഷന്‍ പിന്‍വലിക്കാം. കേരളത്തില്‍ രണ്ടാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിനുളള വിജ്ഞാപനം മാര്‍ച്ച് 28ന് പുറത്തിറങ്ങും. ഏപ്രില്‍ 4വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 5ന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ 8വരെ നോമിനേഷന്‍ പിന്‍വലിക്കാം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here