സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; നയസമീപനങ്ങളില്‍ പൊളിച്ചെഴുത്ത് എന്ന ആവശ്യം ശക്തം; കേന്ദ്ര നേതൃത്വവും ഇടപെട്ടേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നയസമീപനങ്ങളില്‍ പൊളിച്ചെഴുത്ത് എന്ന ആവശ്യം ഉയര്‍ന്നിരിക്കവേയാണ് നേതൃയോഗങ്ങള്‍ സമ്മേളിക്കുന്നത്. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. ഭരണവിരുദ്ധവികാരമല്ല തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം യോഗത്തില്‍ ചര്‍ച്ചയാകും.

മോദി ഭരണത്തെ മാറ്റി നിര്‍ത്താന്‍ കേരളം യുഡിഎഫിനൊപ്പം നിന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിൽ തുടങ്ങി സോഷ്യൽമീഡിയ ഉപയോഗിക്കുന്നതിൽ വരെ തിരുത്തൽ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ആവശ്യമുള്ളിടത്തെല്ലാം അതുണ്ടാകുമെന്നും വിശദമായ ചര്‍ച്ച ഇക്കാര്യത്തിൽ നടക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്.

തുടര്‍ഭരണത്തിന്‍റെ പശ്ചാത്തലത്തിൽ കേരള ഘടകത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിൽ നിന്ന് കേന്ദ്ര നേതൃത്വം വിട്ടുനിൽക്കുകയാണ്. പാര്‍ട്ടിയും സര്‍ക്കാരും പിണറായി വിജയന്റെ കൈപ്പിടിയിൽ എന്ന വിമര്‍ശനം ശക്തമായിരിക്കെ ഇക്കുറി കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം നേതൃയോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഏകപക്ഷീയ നിലപാടുകൾക്കും തീരുമാനങ്ങൾക്കും അപ്പുറം തുറന്ന ചര്‍ച്ചകൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നേതാക്കൾ മുതിരുമോ എന്നും ഉറ്റുനോക്കപ്പെടുന്നു. 28 മുതൽ 30 വരെ കേന്ദ്രകമ്മിറ്റിയോഗവും നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top