ഇഡിയെ പേടിച്ച് 41 കമ്പനികള്‍ ബിജെപിക്ക് നല്‍കിയത് 2471 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍; 30 ഷെല്‍ കമ്പനികള്‍ നല്‍കിയത് 143 കോടി; ബോണ്ട്‌ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡല്‍ഹി: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്പെടുത്തിയ ഇലക്ടറല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബോണ്ടിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയവരാണ് ബിജെപി നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. സിബിഐ, ഇഡി, ഐടി അന്വേഷണം നേരിടുന്ന 41 കമ്പനികള്‍ തിരഞ്ഞെടുപ്പ് ബോണ്ടായി ബിജെപിക്ക് നല്‍കിയത് 2471 കോടി രൂപ. ഇതില്‍ 1698 കോടി നല്‍കിയിരിക്കുന്നത് കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകള്‍ നടന്നതിനു ശേഷമാണ്. 30 ഷെല്‍ കമ്പനികളാണ് 143 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിച്ചത്.

3.7 ലക്ഷം കോടിയുടെ കരാറുകള്‍ ലഭിച്ച 33 ഗ്രൂപ്പുകള്‍ ബിജെപിക്ക് നല്‍കിയത് 1851 കോടിയാണെന്നാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 121 കോടി നല്‍കിയിരിക്കുന്നത് റെയ്ഡുകള്‍ നടന്ന് മൂന്ന് മാസത്തിനു ശേഷമാണ്. 62000 കോടിയുടെ കരാര്‍ ലഭിച്ചത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട്‌ നല്‍കിയ ശേഷമാണ്. വലിയ രീതിയിലുള്ള കോഴയാണ് ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ ബിജെപിക്ക് ലഭിച്ചതെന്ന് കണക്കുകള്‍ ആധാരമാക്കി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് കൽപ്പതരു ഗ്രൂപ്പില്‍ ഐടി വകുപ്പ് റെയ്ഡ് നടത്തി. ഇവര്‍ മൂന്ന് മാസത്തിനുള്ളിൽബിജെപിക്ക് 5.5 കോടി രൂപ നൽകിയെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു. ഐടി റെയ്ഡ് നടന്ന ഫ്യൂച്ചർ ഗെയിമിംഗ് 60 കോടി രൂപ ബിജെപിക്ക് നൽകി. 2022 നവംബർ 10ന് ൽ അരബിന്ദോ ഫാർമയില്‍ ഇഡി റെയ്ഡ് നടന്നു. മൂന്ന് മാസത്തിനുള്ളില്‍ കമ്പനി ബിജെപിക്ക് അഞ്ച് കോടി രൂപ നൽകി-പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കുന്നു.

സുപ്രീം കോടതി വിധിക്ക് ശേഷം പുറത്തുവന്ന ഇലക്ടറല്‍ ബോണ്ട്‌ വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഹർജിക്കാരില്‍ ഒരാളായ പോൾ റൈറ്റ്സ് എൻജിഒ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്‍റെ സ്ഥാപക അംഗവും ട്രസ്റ്റിയുമായ ജഗ്ദീപ് ചോക്കർ പറഞ്ഞു. ഈ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേസിലെ ഹര്‍ജിക്കാരിയായ വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് ആവശ്യപ്പെട്ടു. ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള അഴിമതി അന്വേഷിക്കാൻ ഒരു സ്വതന്ത്ര എസ്ഐടി രൂപീകരിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top