ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി; എസ്ബിഐക്ക് നോട്ടീസ്; തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണം

ഡൽഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണമെന്ന് സുപ്രീം കോടതി എസ്ബിഐക്ക് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നും നോട്ടിസിൽ പറയുന്നു. ഇലക്ടററല്‍ ബോണ്ട്‌ നമ്പറുകള്‍ എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് ചോദിച്ച കോടതി നമ്പറുകള്‍ കൈമാറാനും നിര്‍ദ്ദേശം നല്‍കി. കേസ് തിങ്കളാഴ്ച്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ഇലക്ടററല്‍ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഒരു കമ്പനി പണം നല്കിയത് ഏതു രാഷ്ട്രീയ പാർട്ടിക്കാണ് എന്ന് മനസ്സിലാക്കാനാകൂ. ബോണ്ട്‌ നമ്പറുകള്‍ എസ്ബിഐ കമ്മീഷന് കൈമാറിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമാണ് ചൂണ്ടിക്കാട്ടിയത്. ഈ ഘട്ടത്തില്‍ ബാങ്കിന്റെ വാദം കേള്‍ക്കണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി ബാങ്കിന് നോട്ടീസ് അയച്ചത്.

ഇന്നലെ എസ്ബിഐ കൈമാറിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചിരിക്കുന്നത്. 12000 കോടിയുടെ മൂല്യമുള്ള ബോണ്ടുകളില്‍ 6060 കോടിയും ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്. തൃണമൂല്‍ കോണ്‍ഗ്രസ്-1609 കോടി, കോൺഗ്രസ്-1421 കോടി, ബിആർഎസ്-1214 കോടി രൂപ, ബിജെഡി-775 കോടി, ഡിഎംകെ: 639 കോടി, വൈഎസ്ആർ കോൺഗ്രസ്- 337 കോടി രൂപ, ടിഡിപി-218 കോടി, ശിവസേന-159 കോടി, ആർജെഡി-72 കോടി എന്നിങ്ങനെയാണ് ബോണ്ട്‌ വഴി ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top