തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ എസ്ബിഐ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കണം; ബാങ്കിനെതിരെ തത്കാലം നടപടിയില്ല; ഇനിയും വൈകിയാല്‍ കോടതിയലക്ഷ്യം

ഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ വൈകിയ എസ്ബിഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സമയം നീട്ടിച്ചോദിച്ച എസ്ബിഐ ഹർജി തള്ളിയ കോടതി ഇന്ന് പ്രവൃത്തിസമയം പൂര്‍ത്തിയാകും മുമ്പ് വിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം ഇതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും നിര്‍ദേശിച്ചു.പൊതുതിരഞ്ഞെടുപ്പ് എത്തിനില്‍ക്കേ കോടതിയുത്തരവ് കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയായി.

ജൂണ്‍ ആറുവരെയാണ് എസ്ബിഐ സമയം തേടിയത്. ഫെബ്രുവരി 15ന് വിധിവന്നശേഷം 26 ദിവസം ബാങ്ക് എന്തുചെയ്തെന്ന് കോടതി ചോദിച്ചു. എസ്ബിഐക്കെതിരേ ഇപ്പോള്‍ നടപടിയെടുക്കുന്നില്ലെന്നും എന്നാൽ, നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പുനല്‍കി.

ബോണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ ഉടൻ പുറത്തുവരാതിരിക്കാന്‍ എസ്ബിഐയെക്കൊണ്ട് കേന്ദ്രം സാവകാശ ഹര്‍ജി നല്‍കിച്ചതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയത്. ബോണ്ടു വിവരങ്ങള്‍ മാര്‍ച്ച് ആറിനകം നല്‍കണമെന്നും 13നകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കോടതിനിര്‍ദേശം. എന്നാല്‍ സമയം നീട്ടിച്ചോദിച്ച് എസ്ബിഐ കോടതിയിലെത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top