തീവെട്ടിക്കൊള്ള വീണ്ടും; വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി

കേരളത്തില്‍ വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 37 പൈസയുടെ വര്‍ധനവാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിച്ചില്ല.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 25-26 കാലയളവില്‍ 12 പൈസയും വര്‍ധിപ്പിക്കും. വേനല്‍ക്കാലത്ത് പ്രത്യേക നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചില്ല. ഇതിനോട് മന്ത്രി കെ.കൃഷ്ണന്‍കുട്ടി വിയോജിച്ചിരുന്നു.
ബില്ലിലെ ഫിക്‌സഡ് ചാര്‍ജില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനവില്ല. ഗാര്‍ഹിക ഉപയോക്താക്കളുടെ ചാര്‍ജ് ആണ് വര്‍ധിപ്പിച്ചത്. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് അടക്കമുള്ള കെഎസ്ഇബിയുടെ പിഴവുകളാണ് ഉപയോക്താക്കളുടെ മേല്‍ ബാധ്യതയായി പതിക്കുന്നത്.
ദീര്‍ഘകാല കരാര്‍ വഴി മൂന്ന് കമ്പനികളില്‍ നിന്ന് യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിച്ചിരുന്നു. ഇത് റദ്ദാക്കിയതോടെ യൂണിറ്റിന് ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്‍കി കെഎസ്ഇബിക്ക് വൈദ്യുതി വാങ്ങേണ്ടിവന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here