കാട്ടാന ആക്രമണം ആവര്‍ത്തിച്ചതോടെ ഉണര്‍ന്ന് വനംവകുപ്പ്; ട്രഞ്ച് കുഴിക്കല്‍ ഹാങിങ് സോളാര്‍ ഫെന്‍സിങ് പ്രഖ്യാപനങ്ങള്‍ നിരവധി

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ വലിയ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് വനംവകുപ്പ്. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരാണ് രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇടപെടല്‍ നടത്തുന്നത്. കാട്ടാനകള്‍ സ്ഥാരിമായി എത്തുന്ന സ്ഥലത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കും. ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളില്‍ ഹാങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് ട്രഞ്ച് കുഴിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വനം മന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മരണം ഉണ്ടാകുന്നതുവരെ ഇത് വൈകിപ്പിച്ചത് എന്തിനാണ് എന്നതിന് മാത്രം മറുപടിയില്ല.

രണ്ടു മരണങ്ങളാണ് കോതമംഗലത്ത് ദിവസങ്ങള്‍ക്കിടയില്‍ ഉണ്ടായത്. ശനിയാഴ്ചയാണ് കാട്ടാന മറിച്ചിട്ട മരം വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ ആന്‍മേരി മരിച്ചത്. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണു ഇന്നലെ ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്‍ കഴിഞ്ഞു ക്ണാച്ചേരിക്കു പോകുന്ന വഴിയില്‍ സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹം നീക്കാന്‍ പോലും സമ്മതിക്കാതെയുളള പ്രതിഷേധം പുലര്‍ച്ചെ രണ്ടിനാണ് അവസാനിച്ചത്.

എല്‍ദോസിന്റെ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ദൗര്‍ഭാഗ്യകരവും ഹൃദയവേദനയുണ്ടാക്കുന്നതുമായ കാര്യമാണ് സംഭവിച്ചതെന്നും ഒരു ചെറുപ്പക്കാരന്‍ ദാരുണമായി കൊല്ലപ്പെടുന്നത് ആര്‍ക്കും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ക്കുള്ള കാലതാമസമാണ് നാട്ടുകാരുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് തടസമായതെന്നാണ് മന്ത്രിയുടെ ന്യായീകരണം. നംവകുപ്പിലെ ചെറിയ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ല.യഥാസമയം പണം ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. പണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ വനപ്രദേശത്തെ റോഡുകള്‍ നിര്‍മിക്കുന്നത് ഭൂഷണമാണോയെന്ന ചോദ്യം മന്ത്രി ഉന്നയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top