ആതിരപ്പള്ളിയിലെ ആനദൗത്യം വിജയം; മയക്കുവെടിയേറ്റു വീണ കൊമ്പൻ എഴുന്നേറ്റു; ഇനി അഭയാരണ്യത്തില്‍ ചികിത്സ

അതിരപ്പിള്ളിയില്‍ നെറ്റിയില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വച്ച് ചികിത്സിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. രാവിലെ ആരംഭിച്ച ദൗത്യം അന്തിമഘട്ടത്തിലാണ്. ആറു മണിയോടെ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള സംഘം ആനയെ കണ്ടെത്തി. കൂടെ ഏഴാറ്റുമുഖം ഗണപതി എന്ന് നാട്ടുകാര്‍ വിളിക്കുന്ന മറ്റൊരു കാട്ടാന കൂടി ഉണ്ടായിരുന്നു.

വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലൂടെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോള്‍ അരുണ്‍ സഖറിയ മയക്കുവെടി വച്ചു. ഇതോടെ ആന മുന്നോട്ടു പോയി. ഒപ്പമുണ്ടായിരുന്ന കാട്ടാന കുത്തിയതോടെ ആന വീഴുകയും ചെയ്തു. പടക്കം പൊട്ടിച്ച് ഗണപതിയെ തുരത്തിയ ശേഷമാണ് ആനയുടെ അടുത്തേക്ക് വനപാലകരുടെ സംഘം എത്തിയത്.

ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിനൊപ്പം തന്നെ മുറിവും ഡോക്ടര്‍മാര്‍ പരിശോധിച്ചു. മുറിവ് വൃത്തിയാക്കി മരുന്നും പുരട്ടി. പിന്നാലെ ശരീരം തണുപ്പിച്ച് ആനയെ എഴുന്നേല്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഈ സമയത്ത് തന്നെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റാനുളള വഴിയും ഒരുക്കി. ശരീരം തണുത്തതോടെ ആനയെ എഴുന്നേല്‍പ്പിച്ചു. പിന്നാലെ കുങ്കി ആനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി കോടനാടേക്ക് തിരിച്ചു.

കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് ആനയെ എത്തിച്ചത്. അതിരപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള അഭയാരണ്യത്തിലേക്കുളള യാത്ര ഒരു മണിക്കൂറോളമാണ് എടുത്തത്. ഇവിടെ ആനയെ പാര്‍പ്പിക്കാനായി ഒരു കൂട് തയാറാക്കിയിട്ടുണ്ട്. ഇവിടെയാകും തുടര്‍ ചികിത്സ നല്‍കുക. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷന്‍ കോർറേഷൻ്റെ എസ്റ്റേറ്റില്‍ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിത്സ നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് മുറിവില്‍ പുഴുവരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് പിടികൂടി ചികിത്സ നൽകാൻ തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top