രാഷ്ട്രീയ പ്രവേശനം മകന്റെ സ്വപ്നം; ബിജെപി പ്രവേശനത്തെ പിന്തുണച്ചു; ഒരുപാട് അവസരങ്ങള്‍ ലഭിക്കും; അനിലിനെ ന്യായീകരിച്ച് എലിസബത്ത് ആന്റണി

തിരുവനന്തപുരം: അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനത്തിന് അമ്പരപ്പിക്കുന്ന വിശദീകരണവുമായി എലിസബത്ത് ആന്റണി. എ.കെ.ആൻറണി അറിയാതെ മകന്‍റെ നീക്കത്തെ താൻ പിന്തുണയ്ക്കുകയായിരുന്നു. രാഷ്ടീയ പ്രവേശനം എന്ന അനിലിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ മറ്റു മാർഗം ഇല്ലായിരുന്നുവെന്നും ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നടത്തിയ പ്രസംഗത്തിൽ എലിസബത്ത് വെളിപ്പെടുത്തി. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘എന്റെ മൂത്ത മകന് രാഷ്ട്രീയത്തില്‍ ചേരണമെന്ന് വലിയ സ്വപ്നമായിരുന്നു. എഞ്ചിനിയറിംഗ് കഴിഞ്ഞ് ഉന്നതപഠനത്തിനായി സ്റ്റാന്‍ഫേര്‍ഡ് സര്‍വകലാശാലയില്‍ പോയി. പഠിത്തമെല്ലാം കഴിഞ്ഞ് അവന് അവിടെ നല്ല ജോലി കിട്ടിയിരുന്നു. പക്ഷെ രാഷ്ട്രീയ പ്രവേശനത്തിനായി തിരിച്ച് വന്നു. അതിന്റെ തടസം മാറ്റാനാണ് ഞാന്‍ നിയോഗംവെച്ച് പ്രാര്‍ഥിച്ചത്.
കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയത്തിന് എതിരായി ചിന്തന്‍ ശിബിറില്‍ പ്രമേയം പാസാക്കി. എന്റെ രണ്ടു മക്കളും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയ എന്‍ട്രിയ്ക്ക് കഴിയില്ലെന്ന് മനസിലായി. എന്റെ ഭര്‍ത്താവ് മക്കള്‍ക്ക് വേണ്ടി ഇടപെടില്ല. ഒരു കാര്യവും ചെയ്ത് കൊടുക്കില്ല. അപ്പോഴാണ് ഞാന്‍ നിയോഗം വെച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധമാണ് കാര്യങ്ങള്‍ മാറിയത്. സോഷ്യല്‍ മീഡിയയില്‍ ഒക്കെ അനിലിന് വലിയ പ്രശ്നമായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ.
രാഷ്ട്രീയത്തില്‍ ഒരു എന്‍ട്രി എന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അവന് 39 വയസായി. വിദ്യാഭ്യാസ യോഗ്യതയുമുണ്ട്. പക്ഷെ ആഗ്രഹം സാധിക്കുന്നില്ല. ഞാന്‍ അമ്മയോട് കരഞ്ഞ് പറഞ്ഞു. അപ്പോഴാണ് മകന്‍ എന്നെ വിളിച്ചത്. പിഎംഒയില്‍ നിന്നും മകനെ വിളിച്ചു എന്നാണ് പറഞ്ഞത്. അവര്‍ അവനോട് ബിജെപിയില്‍ ചേരാനാണ് പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരുപാട് അവസരങ്ങളുണ്ടാകുമെന്ന് പറഞ്ഞു.
കോണ്‍ഗ്രസിലാണ് ജീവിച്ചത്. ബിജെപിയില്‍ പോകുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ. ഞാന്‍ അമ്മയോട് ആലോചന ചോദിക്കാനായി ജോസഫ് അച്ചന്റെ കയ്യില്‍ തുണ്ട് കൊടുത്തു. അവന്‍ തിരിച്ച് വരാന്‍ പ്രാര്‍ഥിക്കേണ്ട. അവന് അവിടെ ഭാവിയുണ്ട് എന്നാണ് അച്ചന്‍ പ്രാര്‍ഥിച്ച് പറഞ്ഞത്. ബിജെപിയോട് എനിക്കുള്ള അറപ്പും വെറുപ്പും മാറ്റി അമ്മ മറ്റൊരു മനസും ഹൃദയവും എനിക്ക് തന്നു. എന്റെ ഭര്‍ത്താവിന് വലിയ ഷോക്ക് ആകും. ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. നാല് ദിവസം കഴിഞ്ഞ് ചാനലില്‍ വാര്‍ത്ത വന്നു. അനില്‍ ബിജെപിയില്‍ ചേര്‍ന്നത് ഭര്‍ത്താവിന് വലിയ ഷോക്കായി. പക്ഷെ സൗമ്യതയോടെ അദ്ദേഹം ആ സാഹചര്യം തരണം ചെയ്തു.
മകന്‍ വീട്ടില്‍ വന്നാല്‍ പൊട്ടിത്തെറി ഞാന്‍ ഭയന്നു. പക്ഷെ മകന്‍ വീട്ടില്‍ വരുന്നതിന് ഒരെതിരുമില്ല എന്ന് അച്ഛന്‍ മകനോട് പറഞ്ഞു. രാഷ്ട്രീയം വീട്ടില്‍ സംസാരിക്കരുതെന്നും പറഞ്ഞു. അവനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല. മകന്‍ ബിജെപിയില്‍ ജോയിന്‍ ചെയ്തതിന് പരിശുദ്ധ കന്യാമറിയത്തിന് ഒരായിരം നന്ദി’-എലിസബത്ത് ആന്റണി പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here