‘കിളി പോകും’; ട്വിറ്ററിന് ഇനി പുതിയ ലോഗോ
മെെക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ട്വിറ്റററിന് ഇന്ന് അർദ്ധരാത്രി മുതല്‍ പുതിയ ലോഗോ. ട്വിറ്ററിന്റെ ഐക്കോണിക് ലോഗോയായ പക്ഷിയെ നീക്കി, പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്ക് അറിയിച്ചിരിക്കുന്നത്. രാത്രിയോടെ പുതിയ ലോഗോ പോസ്റ്റ് ചെയ്യുമെന്നും നാളെ മുതല്‍ പുതിയ ലോഗോ ലൈവാകുമെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.
ട്വിറ്ററിന്റ പുതിയ ലോഗോയുടെ സാംപിള്‍ എന്ന നിലയില്‍ ഒരു എക്സ് ലോഗോ മസ്ക് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മറ്റൊരു ട്വിറ്റർ സ്പേസ് ഓഡിയോ ചാറ്റില്‍ ട്വിറ്ററിന്റെ ലോഗോ മാറ്റം സംബന്ധിച്ച ചോദ്യമുയർന്നപ്പോള്‍ വളരെ മുന്‍പ് തന്നെ ഈ മാറ്റം ആവശ്യമായിരുന്നു എന്നായിരുന്നു ഇലോണ്‍ മസ്കിന്റെ മറുപടി. ട്വിറ്ററിന്റെ പ്ലാറ്റ്ഫോം കളർ വെള്ളയില്‍ നിന്ന് കറുപ്പാക്കുന്നതടക്കമുള്ള മറ്റ് മാറ്റങ്ങളെക്കുറിച്ചും അഭിപ്രായം തേടി മസ്ക് പോള്‍ സർവ്വേകള്‍ നടത്തിവരുന്നുണ്ട്.
ഒക്ടോബറിൽ ട്വിറ്റർ വാങ്ങിയ ഘട്ടത്തില്‍ മസ്ക് കമ്പനിയുടെ പേര് എക്സ് കോർപ്പ് എന്നാക്കി മാറ്റിയിരുന്നു. മുന്‍പ് ഏപ്രിലില്‍ പക്ഷിയുടെ ലോഗോ താത്കാലികമായി മാറ്റി ക്രിപ്റ്റോ കറന്‍സിയായ ഡോഗികോയിനിന്റെ ‘ഷിബ ഇനു’ എന്ന നായയുടെ ലോഗോ സ്ഥാപിച്ചിരുന്നു. ഇത് ഡോഗികോയിനിന്റെ വിപണി മൂല്യത്തില്‍ കുതിച്ചുചാട്ടവുമുണ്ടാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here