അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ‘ഭരണഘടനാ ഹത്യാ ദിനം’; പ്രഖ്യാപനം നടത്തി കേന്ദ്രം
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 25നാണ് അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയില്‍ മനുഷ്യത്വരഹിതമായ വേദനകള്‍ സഹിച്ചവരുടെ സംഭാവനകള്‍ അനുസ്മരിക്കാനാണ് ഇത്തരമൊരു പ്രഖ്യാപനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു. ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ പോരാടിയ ദശലക്ഷക്കണക്കിന് ആളുകളുടെ ആത്മാവിനെ ബഹുമാനിക്കാനാണ് ഇത്തരമൊരു തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് പോലുള്ള ഏകാധിപത്യ ശക്തികള്‍ അടിയന്തരാവസ്ഥ പോലുള്ള ഭീകരത ആവര്‍ത്തിക്കുന്നതില്‍ നിന്ന് തടയാനാണ് ശ്രമമെന്നും ഷാ വ്യക്തമാക്കി.
ഭരണഘടന ഉയര്‍ത്തി പ്രതിപക്ഷം ലോക്‌സഭയ്ക്ക് അകത്തും പുറത്തും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം നേരിടാനാണ് ഇത്തരമൊരു നീക്കമെന്ന് വിലയിരുത്തലുണ്ട്. ലോക്‌സഭയില്‍ ഭരണഘടന ഉയര്‍ത്തി കോണ്‍ഗ്രസ് സംസാരിക്കുമ്പോഴെല്ലാം അടിയന്തരാവസ്ഥ പറഞ്ഞാണ് ഭരണപക്ഷം എതിര്‍ത്തിരുന്നത്. 1975 ജൂണ്‍ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയുടെ കാപട്യമാണ് പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here