ഐസ്‌ക്രീമിലെ വിരൽ: അന്വേഷണം ജീവനക്കാരനിലേക്ക്; ഡിഎന്‍എ പരിശോധനക്ക് മുംബൈ പോലീസ്
ഐസ്‌ക്രീമില്‍ കണ്ടെത്തിയ മനുഷ്യവിരല്‍ ഫാക്ടറി ജീവനക്കാരന്റേതാണെന്ന് സംശയം. മുംബൈയ് സ്വദേശിയായ ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീം ഉള്‍പ്പെടുന്ന ബാച്ചിന്റെ നിര്‍മ്മാണ ദിവസം ഈ ഫാക്ടറിയില്‍ ഉണ്ടായ അപകടത്തില്‍ ഒരു ജീവനക്കാരന്റെ വിരല്‍ അറ്റ് പോയിരുന്നു. ജീവനക്കാരന്റെ വിരാലാണോ ഐസ്‌ക്രീമില്‍ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനക്കായി അയച്ചിരിക്കയാണ്.
പൂനെക്കടുത്ത് ഇന്ദപൂരിലുള്ള ഫോര്‍ച്ചൂണ്‍ ഡയറിയുടെ ഫാക്ടറിയിലാണ് യമ്മോ ഐസ്‌ക്രിമിന്റെ നിര്‍മ്മാണം നടക്കുന്നത്. ഈ ഫാക്ടറിയിലെ ഒരു ജീവനക്കാരന്റെ വിരലിന് അപകടം പറ്റിയ സംഭവം പോലീസിന്റ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോലീസ് ഇയാളെ കൂടുതല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുവില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തി, മനുഷ്യജീവന് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് യെമ്മോ ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബ്രണ്ടന്‍ സെറാവോ എന്ന 26കാരനായ ഡോക്ടറിനു വേണ്ടി അദ്ദേഹത്തിന്റെ സഹോദരി യമ്മോ ഐസ്‌ക്രീമിന്റെ ബട്ടര്‍ സ്‌കോച്ച് കോണ്‍ ഓണ്‍ ലൈന്‍ വഴി ഈ മാസം 12 ന് ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെലിവറി ആപ്പായ സെപ്‌റ്റോ വഴിയാണ് ഓര്‍ഡര്‍ നല്‍കിയത്. ഐസ്‌ക്രീം കഴിക്കുന്നതിനിടയില്‍ എന്തോ വായില്‍ തടഞ്ഞു. പരിശോധിച്ചപ്പോഴാണ് മനുഷ്യ വിരലാണെന്ന് തോന്നിപ്പിക്കുന്ന വസ്തു കണ്ടെത്തിയത്. ഉടന്‍ തന്നെ മുംബൈ മലാഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തങ്ങളുടെ കമ്പനിയെ മന:പൂര്‍വ്വം ദ്രോഹിക്കാന്‍ ആരോ കരുതിക്കൂട്ടി ചെയ്ത പ്രവര്‍ത്തിയാണെന്ന് സംശയിക്കുന്നതായി നിര്‍മ്മാതാക്കള്‍ പറയുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്ത കൊണ്ടുവരണമെന്ന് ഫോര്‍ച്യൂണ്‍ ഡയറി ഉടമ സച്ചിന്‍ ജാദവ് പറഞ്ഞു. വാക്കോ ക്യൂഎസ്ആര്‍ എന്ന കമ്പിനിയാണ് യെമ്മോ ഐസ്‌ക്രീമിന്റെ നിര്‍മ്മാതാക്കള്‍. ഇവരുടെ ഉല്പന്നങ്ങളാണ് ഫോര്‍ച്യൂണ്‍ ഡയറിയുടെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. 2023 സെപ്റ്റംബര്‍ മുതലാണ് ഫോര്‍ച്യൂണ്‍ ഫാക്ടറിയില്‍ നിന്ന് യെമ്മോ ഐസ് ക്രീമുകള്‍ ഉത്പാദിപ്പിച്ചു തുടങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here