അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടല്‍; കുസാറ്റ് അപകടത്തിൽ ഉപസമിതി റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് എംപ്ലോയിസ് യൂണിയൻ
കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോർട്ടിനെതിരെ കുസാറ്റ് എംപ്ലോയീസ് യൂണിയൻ. ചില വ്യക്തികളെ രക്ഷിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്നാണ് യൂണിയൻ നിലപാട്. ഉപസമിതി റിപ്പോർട്ടിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായെന്നും ആരോപണമുണ്ട്.
റിപ്പോർട്ടിനെതിരെ പ്രതിഷേധമുയർത്തും. റിപ്പോർട്ടിനെതിരെ ഗവർണർക്ക് പരാതി നൽകാനും ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാനുമാണ് എംപ്ലോയിസ് യൂണിയൻ്റെ തീരുമാനം. അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഉപസമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നുമാണ് യൂണിയൻ്റെ ആവശ്യം.
കുറ്റക്കാർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കണം. നിലവിൽ വിശദീകണം ചോദിച്ച് നടപടികൾ അവസാനിപ്പിക്കാനാണ് നീക്കം. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തിട്ടില്ലെന്നും എംപ്ലോയിസ് യൂണിയൻ ആരോപിക്കുന്നു.
മൂന്ന് വിദ്യാർത്ഥികളടക്കം നാലുപേര്‍ മരിച്ച കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട്. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്കും വീഴ്ച സംഭവിച്ചു. ഇതിനെക്കുറിച്ച് അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരുമടക്കം ഏഴുപേരിൽ നിന്നും വിശദീകരണം തേടാനാണ് സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനം. ഇതിനെതിരെയാണ് കുസാറ്റ് എംപ്ലോയിസ് യൂണിയൻ രംഗത്തെത്തിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here